News

ഗസ്സയില്‍ ആക്രമണം തുടരാന്‍ ഉത്തരവിട്ട് നെതന്യാഹു; ആകാശങ്ങളില്‍ വീണ്ടും ഇസ്രാഈലി ഡ്രോണുകള്‍

By webdesk18

October 28, 2025

ഗസ്സയില്‍ വീണ്ടും ആക്രമണം നടത്താന്‍ ഇസ്രാഈല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു ഉത്തരവിട്ടു. ഹമാസ് കൈമാറിയ ബന്ദിയുടെ മൃതദേഹാവശിഷ്ടങ്ങള്‍, മുന്‍പ് ഇസ്രാഈല്‍ വീണ്ടെടുത്ത് അടക്കം ചെയ്തയാളുടെതാണെന്ന് ഇസ്രാഈല്‍ പറയുന്നു. ഇത് വെടിനിര്‍ത്തല്‍ ലംഘനമാണെന്ന് ആരോപിച്ചാണ് ഇസ്രാഈല്‍ വീണ്ടും കനത്ത ആക്രമണത്തിന് ഒരുങ്ങുന്നത്.

ഒഫിര്‍ സര്‍ഫാത്തി എന്ന ബന്ദിയുടെ മൃതദേഹാവശിഷ്ടങ്ങളാണ് ഹമാസ് കഴിഞ്ഞ ദിവസം തിരികെ നല്‍കിയതെന്ന് ഇസ്രാഈല്‍ ആരോപിച്ചു. ഒക്ടോബര്‍ 7ന് പിടിക്കപ്പെട്ട ഇദ്ദേഹത്തിന്റെ മൃതദേഹം 2023 ഡിസംബറില്‍ ഇസ്രാഈല്‍ സൈന്യം ഗസ്സയില്‍ നിന്ന് വീണ്ടെടുത്ത് അടക്കം ചെയ്‌തെന്നാണ് ഇസ്രാഈല്‍ പറയുന്നത്. ഇപ്പോള്‍ അതേ വ്യക്തിയുടെ പേരില്‍ മൃതദേഹം കൈമാറി എന്നു പറയുന്നത് വെടിനിര്‍ത്തല്‍ ലംഘനമാണെന്നും അവഹേളനമാണെന്നും ഇസ്രാഈല്‍ ആരോപിച്ചു. തിരിച്ചടി ആലോചിക്കാന്‍ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുമായി നെതന്യാഹു ചര്‍ച്ച നടത്തി.