More

ബി.ജെ.പി സര്‍ക്കാറിന് സുപ്രിം കോടതിയുടെ പ്രഹരം: ഗോവയിലെ ഖനികളുടെ ലൈസന്‍സ് റദ്ദാക്കി

By chandrika

February 07, 2018

 

ന്യൂഡല്‍ഹി : ഗോവയില്‍ ചട്ടങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഇരുമ്പയിര് ഖനികളുടെ ലൈസന്‍സ് സുപ്രീംകോടതി റദ്ദാക്കി. 88 ഖനികള്‍ക്ക് 2015ല്‍ ബിജെപി സര്‍ക്കാര്‍ നല്‍കിയ ലൈസന്‍സാണ് കോടതി റദ്ദാക്കിയിരിക്കുന്നത്. പുതിയ ഖനന നിയമം നിലവില്‍ വരുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പാണ് ബി.ജെ.പി സര്‍ക്കാര്‍ ലൈസന്‍സുകള്‍ അനുവദിച്ചത്. ജസ്റ്റിസ് മദന്‍ ബി ലോകൂര്‍ അധ്യക്ഷനായ ബെഞ്ചാണ് ലൈസന്‍സുകള്‍ റദ്ദ് ചെയ്തത്.

ഖനന കമ്പനികള്‍ക്ക് ചട്ടങ്ങള്‍ മറികടന്നാണ് പുതിയ അനുമതി നല്‍കിയതെന്ന് കണ്ടെത്തിയ കോടതി വിഷയത്തില്‍ അന്വേഷണം നടത്തുന്നതിന് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കാനും നിയമലംഘനം നടത്തി ഖനനം നടത്തിയതിന് പാട്ടക്കാരില്‍നിന്ന് പിഴയീടാക്കാനും കോടതി ഉത്തരവിട്ടു. പിഴ കണക്കുകൂട്ടാനായി അന്വേഷണസംഘത്തില്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരെയും ഉള്‍പ്പെടുത്താന്‍ കോടതി നിര്‍ദ്ദേശിച്ചു. നിലവിലുള്ള നിയമവും കോടതിയുടെ മുന്‍ ഉത്തരവും മറികടന്നാണ് സംസ്ഥാനസര്‍ക്കാര്‍ പാട്ടംനല്‍കിയതെന്ന് ഉത്തരവില്‍ പറയുന്നുണ്ട്.

നിയമങ്ങള്‍ എല്ലാം ലംഘിച്ചുകൊണ്ടാണ് ബി.ജെ.പി സര്‍ക്കാര്‍ 20 വര്‍ഷത്തേക്ക് ലൈസന്‍സുകള്‍ അനുവദിച്ചതെന്ന ഗോവ ഫൗണ്ടേഷന്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.