ഷാര്‍ജ: ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള അറബി ഭാഷക്ക് നല്‍കുന്ന സംഭാവന തുടരുന്നു. 37ാമത് എഡിഷന്റെ ഭാഗമായി ഇന്നലെ നാലു പുതിയ ഗ്രാഫിക് നോവലുകള്‍ പുറത്തിറങ്ങി. ഇതര ഭാഷകളില്‍ നിന്ന് വിവര്‍ത്തനം ചെയ്യപ്പെട്ടവയാണ് ഇവ. കലിമാത് ഗ്രൂപ്പിന്റെ കോമിക്‌സ് പ്രസാധക വിഭാഗത്തിലാണ് പുസ്തകങ്ങള്‍ പുറത്തിറങ്ങിയത്.
അഡല്‍റ്റ്ഹുഡ് ഈസ് എ മിത്ത് അടക്കമുള്ള പുസ്തകങ്ങളാണ് അറബിയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടത്. അന്നള്ജു ഖുറാഫത്തുന്‍ എന്നാണ് അറബി കൃതിക്ക് പേരിട്ടിരിക്കുന്നത്. പുതിയ കാല ജീവിതശൈലികളിലൂടെ കടന്നു പോകുന്ന ആധുനിക യുവാക്കളുടെ മനശാസ്ത്രപരവും മാനസികവുമായിട്ടുള്ള ആന്ദോളനങ്ങളാണ് പുസ്തകത്തിന്റെ പ്രതിപാദ്യം. സാങ്കേതികമായ മുന്നേറ്റങ്ങളുടെ മറവില്‍ മനുഷ്യന്‍ സമയം എത്രത്തോളം പാഴാക്കുന്നുവെന്നും പുസ്തകം വ്യക്തമാക്കുന്നു. മറ്റൊരര്‍ത്ഥത്തില്‍ ആധുനിക ജീവിത ശൈലിയുടെ കുഴപ്പങ്ങളിലേക്കാണ് കൃതി വിരല്‍ ചൂണ്ടുന്നത്. സാറ ആന്‍ഡേഴ്‌സന്റെ രചന അഹ്മദ് സലാഹ് അല്‍ മഹ്ദിയാണ് അറബിയിലേക്ക് വിവര്‍ത്തനം ചെയ്തത്.

ദി ബ്രീഡ്‌വിന്നര്‍ എന്ന സിനിമയെ അധികരിച്ച് ഇതേ പേരില്‍ പുറത്തിറങ്ങിയ പുസ്തകമാണ് അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട മറ്റൊരു കൃതി. ജന്ന ഹസന്‍ ആണ് വിവര്‍ത്തക. താലിബാന്‍ ഭരണകാലത്ത് കുടുംബത്തെ സഹായിക്കാന്‍ ആണ്‍കുട്ടിയുടെ വേഷമണിഞ്ഞ് ജീവിക്കുന്ന പെണ്‍കുട്ടിയാണ് കേന്ദ്ര കഥാപാത്രം.
ദി 1001 ലൈവ്‌സ് ഓഫ് എമര്‍ജന്‍സീസ് എന്ന ബാപ്റ്റിസ്‌റ്റെ ബ്യൂലിയൂ വിന്റെ പുസ്തകമാണ് അറബിയിലേക്ക് മാറ്റിയ മറ്റൊരു പുസ്തകം. പാട്രിക് കാമില്‍ വിവര്‍ത്തനം ചെയ്ത പുസ്തകത്തിന് അറബിയില്‍ അല്‍ഫ് ലൈലത്തിന്‍ വ ലൈല ഫീ ഖിസ്മി ത്വവാരിഅ് എന്നാണ് പേരു നല്‍കിയിട്ടുള്ളത്. അത്യാഹിത മുറിയില്‍ ഡോക്ടര്‍ ആയി ജോലി ചെയ്ത കാലത്തെ ഗ്രന്ഥകാരന്റെ വ്യക്തിഗത അനുഭവങ്ങള്‍ പങ്കുവെക്കുന്ന പുസ്തകമാണിത്.

ഹാര്‍ട്ട് ആന്‍ഡ് ബ്രെയ്ന്‍: ഇന്നര്‍ ഇന്‍സ്റ്റിങ്ട് ആണ് അറബി മൊഴിമാറ്റം (അല്‍ ഖല്‍ബു വല്‍ അഖ്‌ലു ഗരീസത്തുന്‍ ബാത്വിനിയ) ചെയ്യപ്പെട്ട നാലാമത്തേത്. നിക് സെലൂക്ക് രചിച്ച് ന്യൂയോര്‍ക് ടൈംസ് ബെസ്റ്റ് സെല്ലര്‍ ആയ ഹാര്‍ട്ട് ആന്‍ഡ് ബ്രെയ്ന്‍ എന്ന പുസ്തകത്തിന്റെ അനുബന്ധമാണ് ഈ കൃതി. അഹ്മദ് സലാഹ് അല്‍ മദനിയാണ് അറബിയിലേക്കുള്ള വിവര്‍ത്തകന്‍.

ഷാര്‍ജ പബ്ലിഷിങ് സിറ്റിയില്‍ പുസ്തക രംഗത്തുള്ളവര്‍ക്ക് നിരക്ക് ഇളവ്
ഷാര്‍ജ: ലോകത്തെ ആദ്യ പ്രസിദ്ധീകരണ, അച്ചടി ഫ്രീ സോണ്‍ ആയ ഷാര്‍ജ പബ്ലിഷിങ് സിറ്റിയില്‍ പുസ്തക വ്യവസായ രംഗത്തുള്ളവര്‍ക്ക് സേവന നിരക്കില്‍ ഇളവ്. 20 ശതമാനം കിഴിവാണ് പബ്ലിഷിങ് സിറ്റി പ്രഖ്യാപിച്ചിട്ടുള്ളത്. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള നടക്കുന്ന കാലയളവില്‍ മാത്രമായിരിക്കും ഈ പ്രത്യേക ഇളവ് ലഭ്യമാകുന്നത്. അക്ഷരങ്ങളുടെ കഥ എന്ന പേരില്‍ അരങ്ങേറുന്ന 37ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ചാണ് നിരക്ക് ഇളവ് പ്രഖ്യാപിച്ചത്. ഷാര്‍ജ ബുക് അഥോറിറ്റിക്കു (എസ്.ബി.എ) കീഴില്‍ ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 10 വരെ ഷാര്‍ജ എക്‌സ്‌പോ സെന്ററിലാണ് മേള നടക്കുന്നത്.
പ്രസാധക മേഖലക്ക് ഊര്‍ജ്ജം പകരാനാണ് ഇളവ് പ്രഖ്യാപിച്ചതെന്ന് ഷാര്‍ജ പബ്ലിഷിങ് സിറ്റി ഡയറക്ടര്‍ സാലിം ഉമര്‍ സാലിം പറഞ്ഞു. പ്രാദേശിക തലത്തിലും മിഡില്‍ ഈസ്റ്റിലും പ്രസാധക മേഖല ശക്തിപ്പെടുത്താനുള്ള നീക്കമാണിത്. ഈ മേഖലയില്‍ നിന്നുള്ള വ്യവസായത്തെ കൂടുതല്‍ പ്രോത്സാഹിപ്പിക്കലും പബ്ലിഷിങ് സിറ്റിയുടെ ഉദ്ദേശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.