ന്യൂഡല്‍ഹി: രാജ്യത്തെ മുതിര്‍ന്ന അഭിഭാഷകരില്‍ ഒരാളായ ഹരീഷ് സാല്‍വേ രണ്ടാമതും വിവാഹിതനാകുന്നു. ലണ്ടന്‍ സ്വദേശിനിയായ കലാകാരി കരോലിന്‍ ബ്രൊസാര്‍ഡ് ആണ് വധു. ഒക്ടോബര്‍ 28നാണ് വിവാഹം. ഈ വര്‍ഷം ജൂണിലാണ് ആദ്യ ഭാര്യ മീനാക്ഷി സാല്‍വേയുമായുള്ള വിവാഹ ബന്ധം 65കാരന്‍ വേര്‍പ്പെടുത്തിയത്.

ഇന്ത്യയുടെ മുന്‍ സോളിസിറ്റര്‍ ജനറലായിരുന്ന സാല്‍വേ ഇംഗ്ലണ്ടില്‍ ക്വീന്‍സ് കൗണ്‍സലില്‍ അംഗമാണ്. സുപ്രിംകോടതിയിലെ ഏറ്റവും തിരക്കേറിയ അഭിഭാഷകരില്‍ ഒരാളുമാണ് സാല്‍വേ. ഈയിടെ ഫേസ്ബുക്കിന് വേണ്ടിയും ഇന്ത്യന്‍ ബാങ്ക് അസോസിയേഷനു വേണ്ടിയും സാല്‍വേ കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരായിരുന്നു.

ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി സുപ്രിംകോടതിയില്‍ ഹാജരായത് ഹരീഷ് സാല്‍വേ ആയിരുന്നു. ഒരു സിറ്റിങിന് മുപ്പത് ലക്ഷത്തിലേറെ രൂപയാണ് ഇദ്ദേഹത്തിന്റെ വേതനം. മുകേഷ് അംബാനിയും അനില്‍ അംബാനിയും തമ്മിലുള്ള കൃഷ്ണ ഗോദാവരി തടാകത്തിലെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസില്‍ മുകേഷിന് വേണ്ടി ഹാജരായത് സാല്‍വേ ആയിരുന്നു. ആ കേസില്‍ മാത്രം 15 കോടി രൂപയാണ് സാല്‍വേ വാങ്ങിയത് എന്നാണ് റിപ്പോര്‍ട്ട്. കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ ഇന്ത്യയ്ക്കു വേണ്ടി അന്താരാഷ്ട്ര കോടതിയില്‍ ഹാജരായതും സാല്‍വേയാണ്. പ്രതിഫലം വാങ്ങാതെയാണ് സാല്‍വേ ഇന്ത്യയ്ക്കായി വാദിച്ചിരുന്നത്.