Connect with us

india

വായു മലിനീകരണം രൂക്ഷം; പഴയ വാഹനങ്ങൾക്ക് ഡൽഹിയിൽ പ്രവേശന വിലക്ക്

ബിഎസ്–VI എഞ്ചിനുകളില്ലാത്ത വാഹനങ്ങൾക്കാണ് ഇന്നുമുതൽ ഡൽഹിയിലേക്ക് പ്രവേശനം അനുവദിക്കാത്തത്.

Published

on

ന്യൂഡൽഹി: കടുത്ത അന്തരീക്ഷ മലിനീകരണത്തിന്റെ പശ്ചാത്തലത്തിൽ പഴയ വാഹനങ്ങൾക്ക് ഡൽഹിയിൽ പ്രവേശനം നിഷേധിച്ച് സർക്കാർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ബിഎസ്–VI എഞ്ചിനുകളില്ലാത്ത വാഹനങ്ങൾക്കാണ് ഇന്നുമുതൽ ഡൽഹിയിലേക്ക് പ്രവേശനം അനുവദിക്കാത്തത്. പുക പരിശോധന സർട്ടിഫിക്കറ്റ് (PUC) ഇല്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം നൽകുന്നതും നിരോധിച്ചു.

മലിനീകരണം അതിരൂക്ഷമായ സാഹചര്യത്തിലാണ് ഡൽഹി സർക്കാർ നിയന്ത്രണം കടുപ്പിച്ചത്. ബിഎസ്–VI എഞ്ചിനുകളുള്ള വാഹനങ്ങൾക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ എന്ന തീരുമാനം ഡൽഹിയോട് ചേർന്ന ഗുരുഗ്രാം, ഗാസിയാബാദ്, ഫരീദാബാദ്, നോയിഡ എന്നിവിടങ്ങളിൽ നിന്നുള്ള ഏകദേശം 12 ലക്ഷം വാഹനങ്ങളെ ബാധിക്കുമെന്നാണ് വിലയിരുത്തൽ.

നോയിഡയിൽ നിന്ന് നാല് ലക്ഷത്തിലധികം വാഹനങ്ങളും, ഗുരുഗ്രാമിൽ നിന്ന് രണ്ട് ലക്ഷം വാഹനങ്ങളും, ഗാസിയാബാദിൽ നിന്ന് 5.5 ലക്ഷത്തിലധികം വാഹനങ്ങളും ഡൽഹിയിലേക്ക് പ്രവേശിക്കുന്നത് തടയപ്പെടും. നിയന്ത്രണങ്ങൾ നടപ്പാക്കാൻ 580 പൊലീസുകാരെയും 126 ചെക്ക്‌പോസ്റ്റുകളിലായി 37 എൻഫോഴ്‌സ്‌മെന്റ് വാനുകളെയും വിന്യസിക്കും.

ഗതാഗത വകുപ്പ്, മുനിസിപ്പൽ കോർപ്പറേഷൻ, ഭക്ഷ്യ വകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥരെ പെട്രോൾ പമ്പുകളിലും നിയോഗിക്കും. സാധുവായ പുക സർട്ടിഫിക്കറ്റുകളില്ലാത്ത വാഹനങ്ങളെ കണ്ടെത്തുന്നതിനായി പെട്രോൾ പമ്പുകളിൽ ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് തിരിച്ചറിയൽ ക്യാമറകൾ ഡൽഹിയിൽ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്.

അതേസമയം, ഡൽഹിയിൽ 10 വർഷം പഴക്കമുള്ള ഡീസൽ വാഹനങ്ങളും 15 വർഷം പഴക്കമുള്ള പെട്രോൾ വാഹനങ്ങളും നിരത്തിലിറക്കുന്നത് സുപ്രീംകോടതി ഇന്നലെ വിലക്കിയിരുന്നു. ബിഎസ്–4 നിലവാരത്തിൽ താഴെയുള്ള വാഹനങ്ങൾ ഉപയോഗിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. കാലപ്പഴക്കം ചെന്ന വാഹനങ്ങൾക്ക് ഇന്ധനം നൽകുന്നത് കഴിഞ്ഞ ജൂലൈയിൽ സർക്കാർ വിലക്കിയിരുന്നെങ്കിലും, ജനരോഷത്തെ തുടർന്ന് 48 മണിക്കൂറിനുള്ളിൽ തീരുമാനം പിൻവലിച്ചിരുന്നു.

india

ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാതാ വിലക്ക് നീട്ടി പാകിസ്താൻ

ജനുവരി 24 പുലർച്ചെ വരെ വിലക്ക് തുടരുമെന്ന് പാകിസ്താൻ എയർപോർട്ട് അതോറിറ്റി അറിയിച്ചു.

Published

on

ഇസ്‌ലാമാബാദ്: ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാതാ വിലക്ക് പാകിസ്താൻ വീണ്ടും നീട്ടി. ജനുവരി 24 പുലർച്ചെ വരെ വിലക്ക് തുടരുമെന്ന് പാകിസ്താൻ എയർപോർട്ട് അതോറിറ്റി അറിയിച്ചു. ഇതുസംബന്ധിച്ച് പുതിയ നോട്ടാം (നോട്ടീസ് ടു എയർമെൻ) പുറപ്പെടുവിച്ചിട്ടുണ്ട്.

ഇന്ത്യയുടെ യാത്രാ വിമാനങ്ങൾക്കും സൈനിക വിമാനങ്ങൾക്കും വിലക്ക് ബാധകമാണ്. ഇന്ത്യൻ എയർലൈൻസുകൾക്ക് പുറമെ ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത എല്ലാ വിമാനങ്ങൾക്കും പാകിസ്താൻ വ്യോമാതിർത്തി ഉപയോഗിക്കാൻ അനുമതിയില്ല. ഇന്ത്യൻ എയർലൈൻസുകളുടെ മറ്റ് രാജ്യങ്ങളിൽ രജിസ്റ്റർ ചെയ്ത വിമാനങ്ങൾക്കും ഈ നിയന്ത്രണം ബാധകമായിരിക്കും.

ഇതിനുപകരമായി ഇന്ത്യയും പാക് വിമാനങ്ങൾക്ക് സമാനമായ വിലക്ക് തുടരാൻ സാധ്യതയുണ്ടെന്നാണ് വിവരം. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ–പാകിസ്താൻ ബന്ധം കൂടുതൽ വിഷമിച്ചത്. ഏപ്രിൽ 24നാണ് പാകിസ്താൻ ആദ്യം ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമാതിർത്തി അടച്ചത്. തുടക്കത്തിൽ ഒരു മാസത്തേക്കായിരുന്നു വിലക്ക്. തുടർന്ന് ഏപ്രിൽ 30ന് ഇന്ത്യയും പാക് വിമാനങ്ങൾക്ക് തിരിച്ചടി ആയി വ്യോമാതിർത്തി അടച്ചുപൂട്ടി.

Continue Reading

india

ട്രെയിനുകളിൽ ലഗേജ് പരിധി: നിശ്ചിത പരിധി കടന്നാൽ അധിക ചാർജ് ഈടാക്കുമെന്ന് റെയിൽവേ മന്ത്രി

വിമാനത്താവളങ്ങളിലെ മാതൃകയിൽ ട്രെയിൻ യാത്രക്കാർക്കും ബാഗേജ് നിയന്ത്രണം ഏർപ്പെടുത്തുമോയെന്ന എം.പി. വെമിറെഡ്ഡി പ്രഭാകർ റെഡ്ഡിയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രിയുടെ വിശദീകരണം.

Published

on

ന്യൂഡൽഹി: ട്രെയിൻ യാത്രക്കിടെ നിശ്ചിത സൗജന്യ പരിധിയിൽ കൂടുതൽ ലഗേജ് കൊണ്ടുപോകുന്ന യാത്രക്കാരിൽ നിന്ന് അധിക ചാർജ് ഈടാക്കുന്ന സംവിധാനം നിലവിലുണ്ടെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. വിമാനത്താവളങ്ങളിലെ മാതൃകയിൽ ട്രെയിൻ യാത്രക്കാർക്കും ബാഗേജ് നിയന്ത്രണം ഏർപ്പെടുത്തുമോയെന്ന എം.പി. വെമിറെഡ്ഡി പ്രഭാകർ റെഡ്ഡിയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രിയുടെ വിശദീകരണം.

ക്ലാസ് തിരിച്ചുള്ള സൗജന്യ ലഗേജ് അലവൻസും പരമാവധി പരിധിയും നിലവിലുണ്ടെന്ന് മന്ത്രി പറഞ്ഞു. സെക്കൻഡ് ക്ലാസ് യാത്രക്കാർക്ക് 35 കിലോഗ്രാം ലഗേജ് സൗജന്യമായി കൊണ്ടുപോകാം; ചാർജ് അടച്ച് 70 കിലോഗ്രാം വരെ അനുവദിക്കും. സ്ലീപ്പർ ക്ലാസിൽ 40 കിലോഗ്രാം സൗജന്യവും 80 കിലോഗ്രാം വരെ പരമാവധിയുമാണ്. എ.സി ത്രീ ടയർ, ചെയർ കാർ യാത്രക്കാർക്ക് 40 കിലോഗ്രാം സൗജന്യ അലവൻസുണ്ട്.

ഫസ്റ്റ് ക്ലാസ്, എ.സി ടു ടയർ യാത്രക്കാർക്ക് 50 കിലോഗ്രാം സൗജന്യമായി, 100 കിലോഗ്രാം വരെ ചാർജ് അടച്ച് കൊണ്ടുപോകാം. എ.സി ഫസ്റ്റ് ക്ലാസിൽ 70 കിലോഗ്രാം സൗജന്യവും 150 കിലോഗ്രാം വരെ പരമാവധിയുമാണ് അനുവദിച്ചിരിക്കുന്നത്.

സൗജന്യ അലവൻസിനെ മറികടക്കുന്ന ലഗേജുകൾക്ക് ലഗേജ് നിരക്കിന്റെ ഒന്നര മടങ്ങ് ചാർജ് ഈടാക്കി, ക്ലാസ് അനുസരിച്ചുള്ള പരമാവധി പരിധിവരെ കമ്പാർട്ടുമെന്റിൽ കൊണ്ടുപോകാൻ അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, വ്യാപാര ആവശ്യങ്ങൾക്കുള്ള ചരക്കുകൾ വ്യക്തിഗത ലഗേജായി പാസഞ്ചർ കമ്പാർട്ടുമെന്റുകളിൽ കൊണ്ടുപോകാൻ അനുവദനീയമല്ല. നിശ്ചിത പരിധി കവിയുന്ന ലഗേജുകൾ റെയിൽവേയുടെ മാനദണ്ഡങ്ങൾ പ്രകാരം ബ്രേക്ക് വാനുകളിൽ ബുക്ക് ചെയ്ത് കൊണ്ടുപോകണമെന്നും മന്ത്രി അറിയിച്ചു.

Continue Reading

india

ശബരിമല സ്വര്‍ണ്ണക്കൊള്ള പാര്‍ലമെന്റില്‍ യു.ഡി.എഫ് എംപിമാരുടെ പ്രതിഷേധം

ക്ഷേത്രസ്വത്തുകളുടെ സംരക്ഷണത്തിൽ ഉണ്ടായ വീഴ്ചയും സംഭവത്തിൽ സമഗ്രവും സ്വതന്ത്രവുമായ അന്വേഷണത്തിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടിയാണ് എംപിമാർ പ്രതിഷേധം സംഘടിപ്പിച്ചത്.

Published

on

ശബരിമല ശ്രീധർമ്മ ക്ഷേത്രത്തിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ഗുരുതര ആരോപണങ്ങളിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി യുഡിഎഫ് എംപിമാർ പാർലമെന്റ് പരിസരത്ത് പ്രതിഷേധിച്ചു. ക്ഷേത്രസ്വത്തുകളുടെ സംരക്ഷണത്തിൽ ഉണ്ടായ വീഴ്ചയും സംഭവത്തിൽ സമഗ്രവും സ്വതന്ത്രവുമായ അന്വേഷണത്തിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടിയാണ് എംപിമാർ പ്രതിഷേധം സംഘടിപ്പിച്ചത്. ആന്റോ ആന്റണി, കൊടുക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ,ഷാഫി പറമ്പിൽ, ജെബി മേത്തർ, അബ്ദുൽ സമാദാനി, ഇ ടി മുഹമ്മദ് ബഷീർ, രാജ് മോഹൻ ഉണ്ണിത്താൻ ,വികെ ശ്രീകണ്ഠൻ, അടൂർ പ്രകാശ് എന്നിവരുൾപ്പെടെയുള്ള യുഡിഎഫ് എംപിമാർ പ്രതിഷേധത്തിൽ പങ്കെടുത്തു. ശബരിമല വിശ്വാസികളുടെ ആത്മവിശ്വാസവുമായി ബന്ധപ്പെട്ട വിഷയമാണ്. സംഭവത്തിൽ എത്ര സ്വർണം നഷ്ടപ്പെട്ടു, അത് എങ്ങനെ നടന്നുവെന്നത് വ്യക്തതയോടെ പുറത്തുവരണമെന്ന് എംപിമാർ ആവശ്യപ്പെട്ടു. ക്ഷേത്രസ്വത്തുകളുടെ കൈകാര്യം സുതാര്യവും ഉത്തരവാദിത്വപരവുമാകണമെന്ന് ആവശ്യപ്പെട്ട എംപിമാർ, സമാനമായ ക്രമക്കേടുകൾ ആവർത്തിക്കപ്പെടാതിരിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്നും ആവശ്യമുന്നയിച്ചു.

Continue Reading

Trending