കണ്ണൂര്‍: ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന് ഇരിട്ടി അയ്യക്കുന്നില്‍ രണ്ടു പേര്‍ മരിച്ചു. കീഴ്മാനം എടപുഴയിലെ വട്ടതൊടിയില്‍ തോമസ് (70), മകന്‍ ജയ്‌സന്റെ ഭാര്യ ഷൈനി (41) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലരയോടെ ഉണ്ടായ ഉരുള്‍പൊട്ടലിലാണ് ഇരുവരും മരിച്ചത്.
വീട്ടിനു പിറകിലുള്ള കീഴങ്ങാനം മലയില്‍ ഉരുള്‍പൊട്ടി മരം കടപുഴകി വീണ് വീട് തകരുകയും ചെയ്തു. ഇതിനിടയില്‍ ഇരുവരും പെടുകയായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്‌സും ഏറെ ശ്രമകരമായ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഷൈനിയുടെ മക്കള്‍: അഞ്ചു, അഖില്‍.
ജില്ലയിലെ മലയോര മേഖലയില്‍ കനത്ത മഴ തുടരുകയാണ്. ഇന്നലെ രാവില വെളിയമ്പ്ര, ഉളിക്കല്‍, കൊട്ടിയൂര്‍, ആറളം, അയ്യംകുന്ന്, പേരട്ട, ആടാംപാറ, ഒന്നാംപാലം, കാപ്പിമല, കാനവയല്‍ എന്നിവിടങ്ങളില്‍ ഉരുള്‍ പൊട്ടലുണ്ടായിരുന്നു.
ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകളില്‍ പുഴകളും തോടുകളുമെല്ലാം കരകവിഞ്ഞൊഴുകുകയാണ്. ഇരിട്ടി പുഴയിലും റിസര്‍വോയര്‍ പ്രദേശത്തും മഴയെ തുടര്‍ന്ന് വെള്ളം ഉയര്‍ന്നിട്ടുണ്ട്. മഴ കാരണം ഇരിട്ടി, തളിപ്പറമ്പ താലൂക്കുകളില്‍ പ്രൊഫഷണല്‍ കോളജ്, അഗണ്‍വാടി ഉള്‍പ്പെടെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.