kerala

അഞ്ചുപേര്‍ക്ക് പുതുജീവന്‍: കിളിമാനൂര്‍ സ്വദേശി ജിജിന്റെ അഞ്ച് അവയവങ്ങള്‍ ദാനം ചെയ്തു

By Akhila

February 25, 2026

വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് മസ്തിഷ്‌ക മരണം സംഭവിച്ച കിളിമാനൂര്‍ സ്വദേശി ജിജിന്റെ അഞ്ച് അവയവങ്ങള്‍ ദാനം ചെയ്തു. കഴിഞ്ഞ ദിവസം സുഹൃത്തിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ പിന്നില്‍നിന്ന് കാര്‍ ഇടിച്ചുണ്ടായ അപകടത്തിലാണ് ജിജിന് ഗുരുതരമായി പരിക്കേറ്റത്. തുടര്‍ന്ന് അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെയാണ് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്.

ജിജിന്റെ ഹൃദയം, കരള്‍, രണ്ട് വൃക്കകള്‍, കോര്‍ണിയ എന്നിവയാണ് ദാനം ചെയ്തത്. ഹൃദയം, കരള്‍, ഒരു വൃക്ക എന്നിവ കിംസ് ആശുപത്രിയിലേക്കും മറ്റൊരു വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കും കോര്‍ണിയ കണ്ണാശുപത്രിയിലേക്കും മാറ്റി. ശസ്ത്രക്രിയകള്‍ പുരോഗമിക്കുകയാണ്. മരണത്തിന് മുമ്പ് തന്നെ ജിജിന് അവയവദാനത്തിന് താത്പര്യമുണ്ടായിരുന്നുവെന്നാണ് വിവരം. കെ-സോട്ടോ അധികൃതര്‍ ബന്ധുക്കളെ ബന്ധപ്പെട്ടതോടെ കുടുംബം അവയവദാനത്തിന് സമ്മതം നല്‍കി.