ചെന്നൈ: മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജെ.ജയലളിതയുടെ മരണത്തില്‍ പുതിയ വെളിപ്പെടുത്തലുമായി അപ്പോളോ ആസ്പത്രി അധികൃതര്‍. ആസ്പത്രിയില്‍ എത്തിക്കുമ്പോള്‍ ജയലളിത ശ്വാസമില്ലാത്ത അവസ്ഥയില്‍ ആയിരുന്നെന്ന് ആസ്പത്രി ഉപാധ്യക്ഷ പ്രീത റെഡ്ഡി പറഞ്ഞു. നേരത്തെ ജയലളിതയുടെ മരണവുമായി ഒട്ടേറെ വിവാദങ്ങളുണ്ടായിരുന്നു. തുടര്‍ന്ന് വിവാദങ്ങള്‍ കെട്ടടങ്ങിയ സമയത്താണ് പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടാവുന്നത്. ഡല്‍ഹിയില്‍ ഒരു സ്വകാര്യ തമിഴ് ചാനലിനോടാണ് പ്രീതി റെഡ്ഡി മരണത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

ശ്വാസംപോലും എടുക്കാത്ത നിലയില്‍ അര്‍ധബോധാവസ്ഥയിലാണ് ജയലളിതയെ കൊണ്ടുവന്നത്. എന്നാല്‍, വിദഗ്ധ ചികില്‍സകള്‍ക്കുശേഷം ജയലളിത ആരോഗ്യം വീണ്ടെടുത്തിരുന്നു. എല്ലാതരത്തിലുള്ള ചികിത്സകളും അവര്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഫലം ജനങ്ങള്‍ ആഗ്രഹിച്ചതുപോലെയായില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ചെന്നൈ അപ്പോളോ ആസ്പത്രിയിലെത്തിയ ജയലളിത 75 ദിവസത്തെ ചികിത്സക്കുശേഷമാണ് മരണത്തിന് കീഴടങ്ങുന്നത്. 2016 ഡിസംബര്‍ അഞ്ചിനാണ് ജയലളിത മരിക്കുന്നത്. ആസ്പത്രിയില്‍ കഴിഞ്ഞിരുന്ന ജയലളിതയുടെ ആരോഗ്യാവസ്ഥയില്‍ ദുരൂഹത ഉയര്‍ന്നിരുന്നു. എന്നാല്‍ പിന്നീട് ജയലളിതയുടെ മരണവാര്‍ത്തയാണ് പുറംലോകമറിയുന്നത്.