Auto

ലാന്‍ഡ് ക്രൂയിസര്‍ സീരീസിലേക്ക് പുതിയ എസ്‌യുവി: 2028ഓടെ വിപണിയില്‍

By sreenitha

December 27, 2025

ടൊയോട്ടയുടെ ഐതിഹാസിക ലാന്‍ഡ് ക്രൂയിസര്‍ നിരയില്‍ ഒരു പുതിയ എസ്‌യുവി കൂടി ഇടംപിടിക്കാനൊരുങ്ങുന്നു. 2023ലെ ജപ്പാന്‍ മൊബിലിറ്റി ഷോയില്‍ അവതരിപ്പിച്ച ലാന്‍ഡ് ക്രൂയിസര്‍ SE കണ്‍സെപ്റ്റിന്റെ ഉല്‍പ്പാദന പതിപ്പായിരിക്കും ഈ പുതിയ മോഡല്‍ എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 2028 ഓടെ ആഗോള വിപണിയില്‍ അവതരിപ്പിക്കാനുള്ള പദ്ധതികളാണ് ടൊയോട്ട തയ്യാറാക്കുന്നത്. പരമ്പരാഗത ലാന്‍ഡ് ക്രൂയിസര്‍ മോഡലുകളില്‍ കാണുന്ന പരുക്കന്‍ ബോഡിഓണ്‍ഫ്രെയിം ഘടനയ്ക്ക് പകരം, കൂടുതല്‍ ആധുനികമായ മോണോകോക്ക് പ്ലാറ്റ്‌ഫോമിലാണ് ഈ എസ്‌യുവി നിര്‍മ്മിക്കുക. ഇതുവഴി സുഖസൗകര്യങ്ങള്‍ക്കും നഗര യാത്രകള്‍ക്കും മുന്‍തൂക്കം നല്‍കുന്ന ഒരു ലക്‌സറിഓറിയന്റഡ് എസ്‌യുവി ആയി ഇത് മാറും.

ടൊയോട്ടയുടെ വരാനിരിക്കുന്ന ‘അറിനെ’ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയുള്ള ഈ വാഹനം ഒരു സോഫ്റ്റ്‌വെയര്‍-ഡിഫൈന്‍ഡ് വെഹിക്കിളായിരിക്കും. ഓവര്‍ ദി എയര്‍ അപ്‌ഡേറ്റുകള്‍ വഴി വാഹനത്തിലെ സാങ്കേതികവിദ്യകളും ഫീച്ചറുകളും കാലക്രമേണ മെച്ചപ്പെടുത്താനാകും. പൂര്‍ണ്ണമായും ഇലക്ട്രിക് പതിപ്പും ഹൈബ്രിഡ് പതിപ്പും ഉള്‍പ്പെടെ വിവിധ പവര്‍ട്രെയിന്‍ ഓപ്ഷനുകളാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൂടാതെ, ടൊയോട്ടയുടെ അടുത്ത തലമുറ ഓള്‍വീല്‍ ഡ്രൈവ് സിസ്റ്റവും ഈ മോഡലില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. ഏകദേശം 4.1 മീറ്റര്‍ നീളമുള്ള ഈ വാഹനം മിഡ്‌സൈസ് എസ്‌യുവി വിഭാഗത്തിലായിരിക്കും ഇടംപിടിക്കുക. കണ്‍സെപ്റ്റ് പതിപ്പില്‍ മൂന്ന് നിര സീറ്റുകളാണ് ഒരുക്കിയിരുന്നത്. വിപണിയില്‍, നിലവിലുള്ള ലാന്‍ഡ് ക്രൂയിസര്‍ 300ന് താഴെയായിരിക്കും ഈ പുതിയ മോഡലിന്റെ സ്ഥാനം.

ആധുനികമായ ഡിസൈന്‍ ഇതിന്റെ മറ്റൊരു പ്രത്യേകതയായിരിക്കും. ലാന്‍ഡ് ക്രൂയിസറിന്റെ കരുത്തും പാരമ്പര്യവും നിലനിര്‍ത്തിക്കൊണ്ട്, നഗര ജീവിതത്തിനും ദൈനംദിന യാത്രകള്‍ക്കും അനുയോജ്യമായ ഒരു ആഡംബര എസ്‌യുവി തേടുന്ന ഉപഭോക്താക്കളെയാണ് ടൊയോട്ട ഈ പുതിയ പരീക്ഷണത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതിനിടയില്‍, ലാന്‍ഡ് ക്രൂയിസര്‍ ശ്രേണിയിലെ ഏറ്റവും ചെറുതായ മോഡലായ ലാന്‍ഡ് ക്രൂയിസര്‍ FJ 2026 ഫെബ്രുവരിയില്‍ പുറത്തിറങ്ങുമെന്ന പ്രതീക്ഷയും നിലനില്‍ക്കുന്നു.