Health

ഇന്ത്യന്‍ ഗവേഷകര്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ കണ്ടെത്തി

By Test User

August 16, 2020

ഡല്‍ഹി: ചൈനയിലെ വുഹാനില്‍ നിന്നാരംഭിച്ച് കോവിഡ് ലോകമെങ്ങും പടര്‍ന്നുകൊണ്ടിരിക്കുകയാണ്. വുഹാനില്‍ ആദ്യം പ്രത്യക്ഷപ്പെട്ട കൊറോണ വൈറസ് വകഭേദമല്ല പിന്നീട് യൂറോപ്പിലേക്കും അമേരിക്കയിലേക്കും പടര്‍ന്നത്. ഇന്ത്യയിലെത്തിയപ്പോഴും നിരവധി ജനിതക വകഭേദങ്ങള്‍ കോവിഡിന് ഉണ്ടായി. ഇപ്പോള്‍ പുതുതായി 73 ജനിതക വകഭേദങ്ങള്‍ കൂടി കൊറോണ വൈറസിന് കണ്ടെത്തിയിരിക്കുകയാണ് ഇന്ത്യയിലെ ഒരു കൂട്ടം ഗവേഷകര്‍.

ന്യൂഡല്‍ഹിയിലെ സിഎസ്‌ഐആര്‍ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ജീനോമിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജിയിലെയും ഭുവനേശ്വറിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെയും ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. 752 ക്ലിനിക്കല്‍ സാംപിളുകള്‍ ഉള്‍പ്പെടെ 1536 സാംപിളുകളില്‍ സീക്വന്‍സിങ്ങ് നടത്തിയാണ് ഗവേഷണ സംഘം ഈ വകഭേഗങ്ങള്‍ കണ്ടെത്തിയത്. B.1.112 , B.1.99 എന്നീ രണ്ട് ലൈനേജുകളും ഇതാദ്യമായി ഇന്ത്യയില്‍ കണ്ടെത്തിയതായി ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ. ജയശങ്കര്‍ ദാസ് പറയുന്നു.

നോവല്‍ കൊറോണ വൈറസിന്റെ വിശദമായ സ്വഭാവസവിശേഷതകള്‍ ജനിതക സ്വീക്വന്‍സിങ്ങിലൂടെ തിരിച്ചറിയുന്നത് രോഗചികിത്സയ്ക്ക് സഹായകമാകുമെന്ന് ഗവേഷകര്‍ പറയുന്നു. തീവ്രത കുറഞ്ഞത്, ഇടത്തരം, തീവ്രത കൂടിയത് എന്നിങ്ങനെ മൂന്നു തരം കോവിഡ് ബാധയെയും അവയുടെ വ്യാപന ശേഷികളെയും തിരിച്ചറിയുന്നതിന് 500 വൈറല്‍ ജീനോമുകളെ സീക്വന്‍സിങ്ങിനു വിധേയമാക്കുന്ന മറ്റൊരു ഗവേഷണവും ഈ സ്ഥാപനങ്ങള്‍ നടത്തുന്നുണ്ട്.