main stories

അതിവേഗം പടരുന്ന പുതിയ തരം കൊറോണ വൈറസ് കണ്ടെത്തി; ആശങ്ക

By ചന്ദ്രിക വെബ് ഡെസ്‌ക്‌

December 20, 2020

ലണ്ടന്‍: ബ്രിട്ടനില്‍ അതിവേഗം പടരുന്ന കൊറോണ വൈറസ് കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കല്‍ ഓഫിസറായ ക്രിസ് വിറ്റിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കണ്ടെത്തലുകള്‍ ലോകാരോഗ്യ സംഘടനയെ അറിയിച്ചതായും വിറ്റി പറഞ്ഞു. ഇംഗ്ലണ്ടിന്റെ തെക്ക് ഭാഗത്ത് ശാസ്ത്രജ്ഞര്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദം തിരിച്ചറിഞ്ഞതായി ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് പറഞ്ഞിരുന്നു.

ബ്രിട്ടനില്‍ കോവിഡ് കേസുകളും തുടര്‍ന്നുള്ള ആശുപത്രിവാസവും കൂടിയിട്ടുണ്ട്. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പുതിയ യാത്രാ നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുമെന്നാണു റിപ്പോര്‍ട്ട്. പുതിയ വൈറസിന്റെ ദ്രുതഗതിയിലുള്ള വ്യാപനത്തിന്റെ ഫലമായാണു രോഗം കൂടുന്നത്. പുതിയ വൈറസ് ഉയര്‍ന്ന മരണനിരക്കിനു കാരണമാകും എന്നതിനോ വാക്‌സീനുകളെയും ചികിത്സകളെയും ബാധിക്കും എന്നതിനോ നിലവില്‍ തെളിവുകളില്ലെന്നും ക്രിസ് വിറ്റി വ്യക്തമാക്കി.

പുതിയ 27,052 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ യുകെയിലെ ആകെ കോവിഡ് ബാധിതര്‍ 2,004,219 ആയി. 534 പേര്‍ കൂടി മരിച്ചതോടെ ആകെ ജീവന്‍ നഷ്ടപ്പെട്ടവര്‍ 67,075. കഴിഞ്ഞ ആഴ്ചയിലെ കേസുകളെ അപേക്ഷിച്ച് 40.9 ശതമാനം വര്‍ധനയാണ് ഇപ്പോള്‍. ലോകത്ത് ആകെ 76,30,3886 പേര്‍ക്കു കോവിഡ് ബാധിച്ചപ്പോള്‍ 16,86,728 പേര്‍ വിവിധ രാജ്യങ്ങളിലായി മരണമടഞ്ഞു.