ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികള്‍ വായ്പയെടുത്ത് രാജ്യം വിട്ട വജ്ര വ്യാപാരി നീരവ് മോദിക്കും അമ്മാവന്‍ മെഹുല്‍ ചോക്‌സിക്കുമെതിരെ പ്രത്യേക സി.ബി.ഐ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. നീരവ് മോദിയും ചോക്‌സിയും അന്വേഷണത്തോട് സഹകരിക്കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് ഇരുവര്‍ക്കുമെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കാന്‍ ആവശ്യപ്പെട്ട് സി.ബി.ഐ കോടതിയെ സമീപിച്ചത്.

അന്വേഷണവുമായി സഹകരിക്കാന്‍ ആവശ്യപ്പെട്ട് സി.ബി.ഐ നീരവ് മോദിക്കും ചോക്‌സിക്കും ഇ മെയില്‍ അയച്ചിരുന്നു. എന്നാല്‍ ബിസിനസ് തിരക്കുകളും ആരോഗ്യപ്രശ്‌നങ്ങളും പറഞ്ഞ് ഇരുവരും അന്വേഷണവുമായി സഹകരിച്ചിരുന്നില്ല. ജാമ്യമില്ലാ വാറണ്ട് പ്രഖ്യാപിച്ചതിനാല്‍ ഇനി ഇരുവര്‍ക്കുമെതിരെ ഇന്റര്‍പോള്‍ വഴി റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനാവും.