india

‘ആരും നിയമത്തിന് അതീതരല്ല’: ബിബിസി റെയ്ഡിനെ കുറിച്ച്‌ മന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍

By webdesk12

February 14, 2023

ഡല്‍ഹി: ആരും നിയമത്തിന് അതീതരല്ലെന്ന് ബിബിസിയിലെ റെയ്ഡിനെ കുറിച്ച്‌ വാര്‍ത്താവിതരണ മന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍.ആദായ നികുതി വകുപ്പ് ഇത്തരം സര്‍വേകള്‍ നടത്താറുണ്ടെന്നും മന്ത്രി പറഞ്ഞു. ബിബിസിയുടെ ഓഫീസുകളില്‍ നടക്കുന്ന പരിശോധനകള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് യു.കെ ഗവണ്‍മെന്‍റ് പ്രതികരിച്ചു.

പരിശോധനയോട് പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്ന് ബിബിസി വ്യക്തമാക്കി.ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഡല്‍ഹി, മുംബൈ ഓഫീസുകളില്‍ പരിശോധന നടത്തുന്നുണ്ടെന്നാണ് ബിബിസി സ്ഥിരീകരിച്ചത്. പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നാണ് പ്രതീക്ഷ. ഉദ്യോഗസ്ഥരുമായി പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്നും ബിബിസി അറിയിച്ചു.

ഭരണകൂടത്തെ വിമര്‍ശിക്കുന്ന മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെ കേന്ദ്രം സ്വീകരിക്കുന്ന സമീപനത്തില്‍ ആശങ്കയുണ്ടെന്ന് എഡിറ്റേഴ്സ് ഗില്‍ഡ് പ്രതികരിച്ചു.ഇന്നു രാവിലെ 11.30ഓടെയാണ് ബിബിസിയുടെ ഡല്‍ഹി, മുംബൈ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന ആരംഭിച്ചത്.