കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ സംസ്ഥാനത്ത് പതിനെട്ട് വയസിന് മുകളിലുള്ളവരുടെ വാക്‌സീനേഷന്‍ അവതാളത്തില്‍. മുന്‍ഗണനാ ഗ്രൂപ്പില്‍ 1,91,000 പേര്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ ഇന്നലെ വാക്‌സീനെടുക്കാന്‍ അനുമതി കിട്ടിയത് 560 പേര്‍ക്ക് മാത്രമാണ്. വാക്‌സിനെടുക്കാന്‍ പത്ത് പേര്‍ പോലും തികയാതിരുന്ന അഞ്ച് ജില്ലകളില്‍ വാക്‌സീനേഷന്‍ തുടങ്ങാന്‍ പോലുമായില്ല.

തിരുവനന്തപുരത്ത് 130 പേര്‍ക്കാണ് വാക്‌സീനെടുക്കാന്‍ അനുമതി കിട്ടിയത്. കോട്ടയം, പാലക്കാട് ജില്ലകളില്‍ നൂറ് വീതവും ആളുകള്‍ക്ക് അനുമതി കിട്ടിയതപ്പോള്‍ പത്തനംതിട്ട, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ പത്തില്‍ താഴെ ആളുകളാണ് അപേക്ഷ നല്‍കിയത്. ഈ അഞ്ചു ജില്ലകളില്‍ വാക്‌സിനേഷന്‍ തുടങ്ങിയില്ല. ഇവിടെ വരും ദിവസങ്ങളില്‍ വാക്‌സീനേഷന്‍ ആരംഭിച്ചേക്കും. ലഭിച്ച അപേക്ഷകള്‍ ജില്ലാ തലത്തില്‍ വിശദമായി പരിശോധിച്ച ശേഷം മാത്രമാണ് അനുമതി നല്‍കുന്നത്. ഈ കാലതാമസവും അപേക്ഷകള്‍ കെട്ടിക്കിടക്കാന്‍ ഇടയാക്കുന്നു.

കൊവിഡ് ബാധിച്ചാല്‍ ഗുരുതരമാകുന്ന രോഗങ്ങളുള്ളവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ മുന്‍ഗണന.
രോഗം തെളിയിക്കുന്ന ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയ രേഖകള്‍ അപേക്ഷക്കൊപ്പം ഹാജരാക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. ഈ രേഖകള്‍ കൃത്യമായി സമര്‍പ്പിക്കാത്തതിനാല്‍ തള്ളിപ്പോയ അപേക്ഷകള്‍ നിരവധിയാണ്. ചിലര്‍ തെറ്റായ രേഖകള്‍ സമര്‍പ്പിച്ചതായും പരാതിയുണ്ട്.

അപേക്ഷകള്‍ തള്ളിപ്പോയവര്‍ക്ക് വരും ദിവസങ്ങളില്‍ മതിയായ രേഖകളുമായി വീണ്ടും രജിസ്റ്റര്‍ ചെയ്യാം. ലോക്ഡൗണ്‍ ആയതിനാല്‍ പുറത്തിറങ്ങി സര്‍ട്ടിഫിക്കറ്റ് വാങ്ങാനും പകര്‍പ്പെടുത്ത് അപ്ലോഡ് ചെയ്യാനും ആകുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്.
ഇക്കാര്യങ്ങള്‍ വിലയിരുത്തി വരും ദിവസങ്ങളില്‍ വാക്‌സീനേഷന്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

അതേസമയം 45 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷന്‍ തുടരുകയാണ്. രണ്ടാം ഡോസിന് കാത്തിരിക്കുന്നവര്‍ക്കും പൂര്‍ണ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഏര്‍പെടുത്തുന്നതോടെ സംസ്ഥാനത്ത് സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഇല്ലാതാകും.