ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് മരണസംഖ്യയില്‍ കേന്ദ്രീകൃത പരിശോധന്ക്ക് ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. വിവിധ സംസ്ഥാനങ്ങള്‍ പുറത്തുവിടുന്ന മരണസംഖ്യ ശരിയാണോയെന്ന് ഉറപ്പു വരുത്താനാണ് ശ്രമം.

ചില മേഖലകള്‍ തിരിച്ചാകും ഇതു സംബന്ധിച്ച ആദ്യ പരിശോധന. കോവിഡ് ഒന്ന് രണ്ട് തരംഗങ്ങളിലായി ഇതുവരെ 4,25,757 മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ രണ്ടാം തരംഗത്തില്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ മാത്രം 1.69 ലക്ഷം മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതിനപ്പുറം മരണങ്ങള്‍ വിവിധ സംസ്ഥാനങ്ങളില്‍ ഉണ്ടായോ എന്ന് കണ്ടെത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമം. കണക്കില്‍ പെടാത്ത മരണം കണ്ടെത്തുക എന്നത് കേന്ദ്ര, സംസ്ഥാനസര്‍ക്കാരുകള്‍ക്ക് വലിയ വെല്ലുവിളിയാണ്.

ഇതിനായി കൂടുതല്‍ സമയം ആവശ്യമായി വരുമെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ പ്രണോബ് സെന്‍ അറിയിച്ചു. കോവിഡ് കാലത്ത് നടന്ന മരണങ്ങളില്‍ എത്രയെണ്ണം കോവിഡ് കാരണമുണ്ടായെന്ന് കണ്ടെത്താന്‍ പ്രത്യേക സര്‍വേക്കാണ് ശ്രമം. മരണസമയത്ത് രോഗിക്ക് ഉണ്ടായിരുന്ന ലക്ഷണങ്ങളെക്കുറിച്ച്, ബന്ധുക്കളോട് സംസാരിച്ച് അടക്കം കോവിഡ് മരണമാണോ എന്ന് ഉറപ്പ് വരുത്തേണ്ടി വരും. എന്നാല്‍ വീടുകള്‍ കയറി ഇങ്ങനെ സര്‍വേ നടത്തുകയെന്നത് വലിയ വെല്ലുവിളിയാണെന്ന് ഈ രംഗത്തെ വിദ്ഗധര്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ കൂടുതല്‍ മരണം നടന്ന മേഖലകളില്‍ മാത്രം ഇത്തരം പരിശോധന ആദ്യം നടത്തുകയാണ് ഇപ്പോള്‍ ഉദ്ദേശിക്കുന്നത്.