kerala

നടപടി കൈകൊള്ളുന്നതില്‍ അലസത: കുറയാതെ ഗാര്‍ഹിക പീഡനങ്ങള്‍

By Test User

June 29, 2021

 

സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ കൂടുമ്പോഴും നടപടി കര്‍ക്കശമാക്കുന്നതില്‍ സര്‍ക്കാര്‍ തലത്തിലും അലസത. ഗാര്‍ഹിക പീഡനങ്ങളും ദിനംപ്രതി കൂടുന്നു.

സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിക്കുമ്പോഴാണ് നടപടികള്‍ നിസാര കേസുകളിലൊതുങ്ങുന്നത്. സര്‍ക്കാര്‍ നടപടികള്‍ ശക്തമല്ലാത്തതിനാല്‍ പ്രതികള്‍ രക്ഷപ്പെട്ടുപോകുകയാണ്. ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് യുവതികള്‍ ആത്മഹത്യ ചെയ്തതും പ്രണയം നിരസിച്ചതിന്റെ പേരില്‍ പെണ്‍കുട്ടിയ യുവാവ് വീട്ടില്‍ കയറി കൊലപ്പെടുത്തിയതും അടുത്ത ദിവസങ്ങളിലാണ്. മലപ്പുറത്ത് 21കാരിയുടെ ദാരുണാന്ത്യത്തിന് പിന്നാലെ രണ്ട് ദിവസത്തിനിടെ ഗാര്‍ഹിക പീഡനങ്ങളുമായി ബന്ധപ്പെട്ട് ജീവനൊടുക്കിയത് മൂന്ന് യുവതികളാണ്.

കൊല്ലം ശാസ്താംകോട്ടയില്‍ വിസ്മയ, തിരുവനന്തപുരം വെള്ളാനൂരില്‍ അര്‍ച്ചന, ആലപ്പുഴ വള്ളിക്കുന്നം സ്വദേശിനി സുചിത്ര എന്നിവരാണ് അടുത്തടുത്ത ദിവസങ്ങളിലായി മരണപ്പെട്ടത്. സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ച് വരുന്നതായാണ് കണക്കുകള്‍. കേരള പൊലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ വിവരങ്ങള്‍ പ്രകാരം സ്ത്രീകള്‍ക്കെതിരെ 4707 അതിക്രമ കേസുകളാണ് 2021 ഏപ്രില്‍ വരെ രേഖപ്പെടുത്തിയത്. ഇതില്‍ 1080 കേസുകളും ഭര്‍ത്താവിന്റെയും ബന്ധുക്കളുടേയും പേരിലാണ്. 2021 ജനുവരിയില്‍ 457 ഗാര്‍ഹിക പീഡനകേസുകളാണ് രേഖപ്പെടുത്തിയത്.

കേസ് വിവരങ്ങള്‍ (ഏപ്രില്‍ വരെ) ബലാത്സംഗം-784 പീഡനങ്ങള്‍-1,331 തട്ടിക്കൊണ്ടുപോകല്‍-67 അപമാനിക്കല്‍-136 മറ്റ് ഉപദ്രവങ്ങള്‍-1,309

 

ദേശീയ തലത്തിലെ കേസുകള്‍

സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്ക് കുറവില്ലെന്നാണ് ദേശീയ വനിതാ കമ്മീഷന്‍ കണക്കുകളിലും പറയുന്നത്. പ്രതിമാസം ശരാശരി രണ്ടായിരത്തിലേറെ പരാതികളാണ് ദേശീയ വനിതാ കമ്മീഷന് ലഭിക്കുന്നത്. ഇതില്‍ നാലിലൊന്ന് കേസുകളും ഗാര്‍ഹിക പീഡനകേസുകളാണ്. 2020 ഏപ്രില്‍ മുതല്‍ ഒരു വര്‍ഷത്തിനിടെ ലഭിച്ചത് 25, 886 പരാതികളാണ്. ഇതില്‍ 5,865 കേസുകള്‍ ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ടാണ്. 2021 ജനുവരി 1 മുതല്‍ 25 വരെ 1,463 പരാതികളാണ് ലഭിച്ചത്.