india

ജോഷിമഠില്‍ മലയാളി വൈദികന്‍ വാഹനാപകടത്തില്‍ മരിച്ചു; അപകടം ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തി മടങ്ങവെ

By webdesk12

January 20, 2023

ജോഷിമഠ്: ഉത്തരാഖണ്ഡിലെ ജോഷിമഠിലുണ്ടായ വാഹനാപകടത്തില്‍ മലയാളി വൈദികന്‍ മരിച്ചു. കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശി ഫാ.മെല്‍വില്‍ പി എബ്രഹാം പള്ളിത്താഴത്ത് (37) ആണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് സംഭവം. ബിജിനോര്‍ രൂപതയില്‍ സേവനം ചെയ്ത് വരികയായിരുന്നു വൈദികന്‍.ഭൂമി ഇടിഞ്ഞുതാഴുന്ന ഭീഷണി നേരിടുന്ന ജോഷിമഠില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എത്തിയതായിരുന്നു വൈദികന്‍. ദുരിതബാധിതര്‍ക്ക് ഭക്ഷണവും മറ്റും എത്തിച്ചു നല്‍കിയ ശേഷം വാഹനത്തില്‍ മടങ്ങുമ്ബോഴായിരുന്നു അപകടം. ഫാ. മെല്‍വില്‍ പി എബ്രഹാം അടക്കമുള്ളവര്‍ സഞ്ചരിച്ച വാഹനം കുഴിയിലേക്ക് മറിയുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

തുടര്‍ന്ന് സൈന്യം നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം പുറത്തെത്തിച്ചത്. ഇദ്ദേഹത്തിനൊപ്പം മറ്റ് രണ്ട് വൈദികരുമുണ്ടായിരുന്നു. ഇവര്‍ രക്ഷപ്പെട്ടു. മൂടല്‍മഞ്ഞ് മൂലം റോഡ് കാണാനാവാതെ വന്നതാണ് അപകട കാരണം.വൈദികന്‍്റെ മൃതദേഹം ഋഷികേശിലെ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം തിങ്കളാഴ്ച ബിജ്നോര്‍ രൂപതയിലെ സെന്‍്റ് ജോസഫ് കത്തീഡ്രല്‍ പള്ളിയില്‍ സംസ്കരിക്കും.