india

മുഖ്യമന്ത്രി കേരളത്തിന്റെ പൊതുശല്യം; നിഴലിനെപ്പോലും ഭയക്കുന്ന പേടിത്തൊണ്ടന്‍ : കെ. സുധാകരന്‍

By webdesk12

February 13, 2023

കരിങ്കൊടി പ്രതിഷേധത്തെ പോലും സഹിഷ്ണുതയോടെ നേരിടാന്‍ ശേഷിയില്ലാതെ ജനത്തെ ബന്ദിയാക്കുന്ന ഭീരുവായ മുഖ്യമന്ത്രി കേരള ജനതയുടെ പൊതുശല്യമായി മാറിയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി. മൈക്കിന് മുന്നില്‍ സ്വന്തം അണികളെ സുഖിപ്പിക്കാന്‍ വീരവാദം വിളമ്ബുന്ന മുഖ്യമന്ത്രിക്ക് തെരുവിലിറങ്ങാന്‍ പൊലീസ് അകമ്ബടിയില്ലാതെ കഴിയില്ലെന്നത് നാണക്കേടാണ്. നിഴലിനെപ്പോലും ഭയക്കുന്ന പേടിത്തൊണ്ടനായ ഇതുപോലൊരു മുഖ്യമന്ത്രിയെ കേരളം ഇന്നുവരെ കണ്ടിട്ടില്ല.

മുഖ്യമന്ത്രിക്ക് ഏതെങ്കിലും ജില്ലകളില്‍ പൊതുപരിപാടികളുണ്ടെങ്കില്‍ അവിടെ യൂത്ത് കോണ്‍ഗ്രസിനും കെ.എസ്.യുവിനും സംഘടനാ സമ്മേളനം പോലും നടത്താനോ, പൊതുജനത്തിന് കറുത്ത ഉടുപ്പ് ധരിക്കാനോ സാധിക്കാത്ത ഭീകരാന്തരീക്ഷമാണ് കേരളത്തിലെന്നു അദ്ദേഹം പറഞ്ഞു. ജനങ്ങളെ കൊള്ളയടിച്ച്‌ അവരുടെ നികുതിപ്പണം കൊണ്ട് ആര്‍ഭാട ജീവിതം നയിക്കുന്ന മുഖ്യമന്ത്രിയെ കേരളത്തിലെ തെരുവികളിലേക്ക് കെട്ടിയെഴുന്നള്ളിക്കാന്‍ പൊലീസിന് ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരുമെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.