india

 പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 64 വർഷം കഠിന തടവും പിഴയും

By webdesk12

February 01, 2023

മലപ്പുറം പെരിന്തൽമണ്ണയിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛന് 64 വർഷം കഠിന തടവും 1.7 ലക്ഷം രൂപ പിഴയും. പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷം അധിക തടവ് അനുഭവിക്കണം. കുട്ടിയെ ഉപദ്രവിച്ചതിന് നാലുവര്‍ഷം തടവും 20,000 രൂപ പിഴയും വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ മൂന്നുമാസമാണ് അധിക തടവ്.

പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജി കെ.പി. അനില്‍കുമാറാണ് ശിക്ഷ വിധിച്ചത്. പ്രതിയുടെ ഭാര്യക്ക് മുന്‍ ഭര്‍ത്താവിലുള്ള പെണ്‍കുട്ടിയാണ് 2019 മുതല്‍ 2021 വരെ പീഡനത്തിനിരയായത്. 2019ലെ പോക്സോ നിയമഭേദഗതി പ്രകാരം വധശിക്ഷ വരെ നല്‍കാവുന്ന കുറ്റങ്ങളാണ് പ്രതി ചെയ്തത്. എന്നാല്‍, സ്ഥിരം മദ്യപാനിയായ ഇയാള്‍ അടുത്തിടെ സ്വയം ഡീഅഡിക്ഷന്‍ കേന്ദ്രത്തില്‍ ചികിത്സക്ക് പോയിരുന്നെന്നും പുനര്‍വിചിന്തനത്തിന് സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയതിനാലാണ് പരമാവധി ശിക്ഷയില്‍നിന്ന് ഒഴിവാക്കിയത്.