india

മാങ്ങ പറിച്ചതിന് കുട്ടികളെ ക്രൂരമായി മർദ്ധിച്ചു; ഷർട്ട് ഊരി വാങ്ങി; പരാതിയുമായി ബന്ധുക്കൾ

By webdesk12

February 14, 2023

ചങ്ങരംകുളം കിഴിക്കരയിൽ മാങ്ങ പൊട്ടിച്ചതിന് കുട്ടികളെ ക്രൂരമായി മർദ്ധിച്ചതായി പരാതി. ഒതളൂർ പൊലിയോടം പാടത്താണ് സംഭവം. പാവിട്ടപ്പുറം എപിജെ നഗറിൽ താമസിക്കുന്ന റസൽ(14) ഹംസ(13) സിറാജുദ്ധീൻ(14) സൂര്യജിത്ത്(13) മിർസാൻ(9) എന്നിവരെയാണ് തോട്ടം ഉടമ അക്രമിച്ചത്.

ഫുട്ബോൾ കളിക്കാനെത്തിയ കുട്ടികൾ സമീപത്തെ സ്വകാര്യ വെക്തിയുടെ പറമ്പിൽ കയറി മാങ്ങ പറിക്കുകയായിരുന്നു. സംഭവം കണ്ട് എത്തിയ തോട്ടം ഉടമ കുട്ടികളെ തടഞ്ഞ് വെച്ച് മർദ്ധിച്ചെന്നാണ് പരാതി. ഉടമ വരുന്നത് കണ്ട് കുട്ടികൾ ഓടിയെങ്കിലും പുറകെ ഓടി വന്ന ഉടമ കുട്ടികളെ തടഞ്ഞ് ഷർട്ട് ഊരി വാങ്ങിക്കുകയും അസഭ്യം പറയുകയും ചെയ്തു.

തുടർന്ന് ഷർട്ട് വാങ്ങാൻ രക്ഷിതാക്കളെ വിളിച്ച് വരാനും പറഞ്ഞു. കുട്ടികൾ കരഞ്ഞതോടെ പാടത്ത് ഉണ്ടായിരുന്നവർ ഓടിയെത്തി. ഇതോടെയാണ് ഷർട്ടുകൾ നൽകാതെ തടഞ്ഞ് വച്ച കുട്ടികളെ വിട്ടയച്ചത്‌. പിന്നീട് നാട്ടുകാരും ബന്ധുക്കളും ചേർന്ന് കുട്ടികളെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസിനും ചൈൽഡ് ലൈൻ അടക്കമുള്ളവർക്കും പരാതി നൽകാനുള്ള ഒരുക്കത്തിലാണ് ബന്ധുക്കൾ.