india

200 രൂപയിൽ താഴെ വിലയുള്ള ടൈഫോയ്ഡ് വാക്സീന് 2000 രൂപ; കൊള്ളയടിച്ച് മരുന്നു കടക്കാർ

By webdesk12

February 15, 2023

ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡിന് ടൈഫോയ്ഡ് വാക്സീൻ നിർബന്ധമാക്കിയതോടെ മെഡിക്കൽ ഷോപ്പുകളുടെ മരുന്നുകൊളള. 200 രൂപയിൽ താഴെ വിലയുളള വാക്സീൻ വിപണിയിൽ ലഭ്യമായിരിക്കെ രണ്ടായിരം രൂപയുടെ വാക്സീനാണ് വിൽപനയ്ക്ക് എത്തിക്കുന്നത്. സ്വകാര്യ ആശുപത്രികളും കുത്തിവയ്പിന് വൻതുക ഈടാക്കുന്നതിനാൽ ഹെൽത്ത് കാർഡ് ഹോട്ടൽ ജീവനക്കാർക്ക് ഭാരിച്ച ബാധ്യതയാകുന്നു.

സർക്കാർ ആശുപത്രികളിലും കുറഞ്ഞ വിലയ്ക്ക് മരുന്നെത്തിക്കേണ്ട കാരുണ്യ ഫാർമസികളിലും വാക്സീൻ ലഭ്യമാക്കാത്തതാണ് ചൂഷണത്തിന് കളമൊരുക്കുന്നത്. സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുകയാണെങ്കിൽ ചെലവ് ഇതിലും കൂടും. കൂടുതൽ വിലയുള്ള മരുന്നിന് കൂടുതൽ കമ്മിഷൻ ലഭിക്കുമെന്നതാണ് മരുന്നുകടക്കാരുടെ ലാഭം.

ടൈഫോയ്ഡ് വാക്സീന്റെ വിലകുറഞ്ഞ മരുന്നുകൾ പൂഴ്ത്തിവച്ച് വിലകൂടിയ മരുന്നുകൾ നൽകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി. ഇതു സംബന്ധിച്ച് ഡ്രഗ്‌സ് കൺട്രോളർക്ക് നിർദേശം നൽകി. ഭക്ഷ്യസുരക്ഷാ നടപടിക്രമങ്ങളുടെ ഭാഗമായുള്ള ഹെൽത്ത് കാർഡ് എടുക്കുന്നവർക്ക് വില കൂടിയ ടൈഫോയ്ഡ് മരുന്ന് മെഡിക്കൽ സ്റ്റോറുകൾ നൽകുന്നു എന്ന പരാതിയെ തുടർന്നാണ് നടപടി.