india

റിസപ്ഷന് ഒരുങ്ങാന്‍ റൂമിലെത്തിയ നവദമ്പതികള്‍ മരിച്ചനിലയില്‍

By webdesk13

February 22, 2023

റായ്പൂര്‍: ഛത്തീസ്ഗഡിലെ റായ്പൂരില്‍ നവദമ്ബതികളെ റൂമില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ബ്രിജ്‌നഗര്‍ സ്വദേശി അസ്‌ലം (24), ഭാര്യ കകഷാബാനു (22) എന്നിവരാണ് മരിച്ചത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവും മരിക്കുകയായിരുന്നു എന്നാണ് പൊലീസ് നിഗമനം.

ഞായറാഴ്ചയായിരുന്നു ഇവരുടെ വിവാഹം. ചൊവ്വാഴ്ച രാത്രിയുള്ള റിസപ്ഷന് ഒരുങ്ങാനായാണ് ഇരുവരും റൂമിലേക്ക് പോയത്. കകഷാബാനുവിന്റെ നിലവിളികേട്ട് അസ്‌ലമിന്റെ മാതാവാണ് ആദ്യം ഓടിയെത്തിയത്. വാതില്‍ ഉള്ളില്‍നിന്ന് കുറ്റിയിട്ടതിനാല്‍ അകത്ത് കയറാനായില്ല. ജനലിലൂടെ നോക്കിയപ്പോള്‍ ഇരുവരും അബോധാവസ്ഥയില്‍ രക്തത്തില്‍ കുളിച്ച്‌ കിടക്കുന്ന അവസ്ഥയിലായിരുന്നു. പൊലീസ് വാതില്‍ തകര്‍ത്ത് അകത്തുകയറിയപ്പോഴേക്കും ഇവര്‍ മരിച്ചിരുന്നു. മൃതദേഹത്തിന് സമീപത്തുനിന്ന് കത്തി കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.