വാഷിങ്ടണ്‍: കോവിഡിന്റെ ഡെല്‍റ്റ വകഭേദം ചിക്കന്‍പോക്‌സ് പോലെ അതിവേഗം പടരുമെന്ന് റിപ്പോര്‍ട്ട്. യു.എസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ നടത്തിയ പഠനത്തിലാണ് ഇത്തരമൊരു കണ്ടെത്തലെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

റിപ്പോര്‍ട്ട് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. വാക്‌സിനെടുക്കാത്ത ആളുകളില്‍ പടരുന്ന അതേ രീതിയില്‍ തന്നെ വാക്‌സിനെടുത്തവരിലും ഡെല്‍റ്റ വകഭേദം എത്തുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.വാഷിങ്ടണ്‍ പോസ്റ്റ്, ന്യൂയോര്‍ക്ക് ടൈംസ് തുടങ്ങിയ പത്രങ്ങള്‍ ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവിട്ടിട്ടുണ്ട്.

ഡെല്‍റ്റ വകഭേദം അതിവേഗത്തില്‍ പടരുമെന്ന് സി.ഡി. സി ഡയരക്ടര്‍ ഡോ. റോഷെല്ല പി വാലെന്‍സ്‌കി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇതുമായി ബന്ധപ്പെട്ട പഠന റിപ്പോര്‍ട്ട് പുറത്തുവന്നത്. സാര്‍സ്, എബോള, സ്മാള്‍ പോക്്സ് തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമായ വൈറസിനേക്കാള്‍ വേഗത്തില്‍ ഡെല്‍റ്റ വൈറസ് പടരുമെന്നാണ് പഠനം പറയുന്നത്.