News

ഷയ്ഖ് ജര്‍റ കുടിയൊഴിപ്പിക്കല്‍ ഹര്‍ജിയില്‍ ഇടപെടില്ല : ഇസ്രാഈല്‍ അറ്റോര്‍ണി ജനറല്‍ പിന്‍മാറി

By Test User

June 09, 2021

ടെല്‍അവീവ്: കിഴക്കന്‍ ജറൂസലമിലെ ഷെയ്ഖ് ജര്‍റയില്‍ കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്ന നാല് ഫലസ്തീന്‍ കുടുംബങ്ങള്‍ ഇസ്രാഈല്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഇടപെടില്ലെന്ന് അറ്റോര്‍ണി ജനറല്‍. ഫലസ്തീന്‍ കുടുംബങ്ങളെ ആട്ടിപ്പുറത്താക്കി ജൂത കുടിയേറ്റക്കാരെ കുടിയിരുത്താനുള്ള കീഴ്‌കോടതി വിധിക്കെതിരെ നല്‍കിയ അപ്പീലില്‍ തനിക്ക് ഇടപെടാനാവില്ലെന്ന് ഇസ്രാഈല്‍ അറ്റോര്‍ണി ജനറല്‍ അവിചായ് മെന്‍ഡല്‍ബ്ലിത് അറിയിച്ചു. കേസില്‍ അഭിപ്രായം അറിയിക്കാന്‍ അറ്റോര്‍ണി ജനറലിന് സുപ്രീംകോടതി ജൂണ്‍ എ്ട്ട വരെ സമയം നല്‍കിയിരുന്നു. അറ്റോര്‍ണി ജനറല്‍ പിന്മാറിയതോടെ കേസില്‍ സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ സുപ്രീംകോടതിക്ക് സാധിക്കും. ഷെയ്ഖ് ജര്‍റയിലും സമീപ പ്രദേശങ്ങളിലും 500ഓളം ഫലസ്തീനികള്‍ ഉപ്പെടുന്ന 28 കുടുംബങ്ങളെയാണ് ഇസ്രാഈല്‍ ബലമായി കുടിയൊഴിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഫലസ്തീന്‍ കുടുംബങ്ങളുടെ കേസ് ദുര്‍ബലമാണെന്നും കുടിയൊഴിപ്പിക്കലില്‍നിന്ന് രക്ഷപ്പെടാന്‍ തന്റെ നിയമോപദേശം സഹായകമാകില്ലെന്നും മെന്‍ഡല്‍ബ്ലിത് പറഞ്ഞു. ഉത്തരവാദിത്തങ്ങളില്‍നിന്ന് ഒളിച്ചോടി കുടിയൊഴിപ്പിക്കലിന് വഴിയൊരുക്കാനാണ് അറ്റോര്‍ണി ജനറല്‍ ശ്രമിക്കുന്നതെന്ന് ഇസ്രാഈലിലെ മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടി.