ബാര്‍സലോണ: ബാര്‍സലോണ വിട്ട് പി.എസ്.ജിയില്‍ ചേരാനുള്ള തീരുമാനം കഴിഞ്ഞ ജൂണില്‍ തന്നെ നെയ്മര്‍ അറിയിച്ചിരുന്നതായി ബാര്‍സ ഇതിഹാസ താരം ഷാവി ഹെര്‍ണാണ്ടസ്. ജൂണ്‍ 30-ന് മെസ്സിയുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെയാണ് ഇക്കാര്യം നെയ്മര്‍ പറഞ്ഞതെന്നും ബ്രസീല്‍ താരത്തിന്റെ തീരുമാനം താനടക്കമുള്ളവര്‍ അംഗീകരിക്കുകയായിരുന്നുവെന്നും ഷാവി പറഞ്ഞു. ഓഗസ്റ്റ് അഞ്ചിനാണ് നെയ്മര്‍, ക്ലബ്ബ് വിടാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബാര്‍സ മാനേജ്‌മെന്റിന് കത്തു നല്‍കിയത്. അവസാന നിമിഷം വരെ നെയ്മര്‍ അനിശ്ചിത്വത്തിലായിരുന്നു എന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ തെറ്റായിരുന്നു എന്ന് തെളിയിക്കുന്നതാണ് ഷാവിയുടെ പ്രസ്താവന.

‘താന്‍ ക്ലബ്ബ് മാറാനൊരുങ്ങുകയാണെന്ന് മെസ്സിയുടെ വിവാഹ ദിനം തന്നെ നെയ്മര്‍ ഞങ്ങളോട് പറഞ്ഞിരുന്നു. ഞാന്‍ ചോദിച്ചു: എന്തിന്? അവന്‍ പറഞ്ഞു, ഞാന്‍ ബാര്‍സയില്‍ ഹാപ്പിയല്ല. പുറത്തു പോയി പി.എസ്.ജിയില്‍ പുതിയ അനുഭവം ഉണ്ടാക്കാന് ഞാനിഷ്ടപ്പെടുന്നത്. അതൊരു തീരുമാനമായിരുന്നു. നാം അതിനെ ബഹുമാനിക്കണം.’ ബി.ബി.സി വേള്‍ഡ് സര്‍വീസിന് നല്‍കിയ അഭിമുഖത്തില്‍ ഷാവി പറഞ്ഞു.

വേനല്‍ ട്രാന്‍സ്ഫര്‍ കാലയളവ് പിന്നിട്ടപ്പോഴാണ് നെയ്മര്‍ ബാര്‍സ വിടുമെന്ന വാര്‍ത്ത പുറത്തുവന്നത്. താരത്തെ കൂടെ നിര്‍ത്താന്‍ ബാര്‍സയും സ്വന്തമാക്കാന്‍ പി.എസ്.ജിയും പലതരത്തിലുള്ള സമ്മര്‍ദം ചെലുത്തിയിരുന്നു. എന്നാല്‍, നെയ്മര്‍ വളരെ നേരത്തെ തന്നെ തീരുമാനം കൈക്കൊണ്ടിരുന്നു എന്നാണ് ഷാവിയുടെ വെളിപ്പെടുത്തലില്‍ നിന്ന് മനസ്സിലാകുന്നത്.