ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍ സഊദി പ്രോ ലീഗ് ക്ലബ് അല്‍ ഹിലാല്‍ വിട്ടു. താരവുമായുള്ള കരാര്‍ അല്‍ ഹിലാല്‍ റദ്ദാക്കിയെന്നും നെയ്മര്‍ പഴയ ബ്രസീലിയന്‍ ക്ലബ്ബായ സാന്റോസിലേക്ക് മടങ്ങും. 2023ലാണ് നെയ്മര്‍ ഫ്രഞ്ച് ക്ലബായ പിഎസ്ജിയില്‍ നിന്ന് അല്‍ ഹിലാലിലേക്ക് താരം എത്തിയത്.
കരാര്‍ റദ്ദാക്കാന്‍ ക്ലബ്ബും നെയ്മറും തമ്മില്‍ ധാരണയായെന്നും താരത്തിന്റെ ഭാവി കരിയറിന് ആശംസകള്‍ നേരുന്നുവെന്നും അല്‍ ഹിലാല്‍ ഒഫീഷ്യല്‍ പേജിലൂടെ അറിയിച്ചു. നേരത്തെ ക്ലബ്ബ് വിടാന്‍ താരം സന്നദ്ധതയറിയിച്ച് ക്ലബ്ബിനെ സമീപിച്ചിരുന്നു. 220 മില്യണ്‍ ഡോളറിന് രണ്ട് വര്‍ഷ കരാറിലാണ് താരം അല്‍ ഹിലാലിലെത്തിയത്.
എന്നാല്‍ പരിക്കു മൂലം 18 മാസങ്ങള്‍ക്കിടയില്‍ ഏഴ് മത്സരങ്ങളില്‍ മാത്രമാണ് നെയ്മര്‍ അല്‍ ഹിലാലിനായി കളിച്ചത്. ഇതില്‍ ഒരു ഗോളും മൂന്ന് അസിസ്റ്റുകളും ഉള്‍പ്പെടുന്നു. പരിക്കില്‍ നിന്ന് മോചിതനാകാന്‍ സമയം ആവശ്യമുള്ളതിനാലാണ് നിലവിലെ ചാംപ്യന്മാരായ അല്‍ ഹിലാല്‍ നെയ്മറിനെ ഒഴിവാക്കുന്നത്.
2003ല്‍ 11ാം വയസില്‍ സാന്റോസ് അക്കാദമിയിലാണ് നെയ്മറിന്റെ ഫുട്‌ബോള്‍ ജീവിതത്തിന്റെ തുടക്കം. 2009ല്‍ 17ാം വയസില്‍ സാന്റോസിന്റെ സീനിയര്‍ ടീമിനായി അരങ്ങേറ്റം കുറിച്ചു. 225 മത്സരങ്ങളില്‍ നിന്നായി 136 ഗോളുകളാണ് സാന്റോസിനായി നെയ്മര്‍ നേടിയത്. ഇതോടെ 2011ല്‍ ബ്രസീലിന്റെ ദേശീയ ടീമില്‍ അരങ്ങേറ്റം കുറിക്കാനും നെയ്മറിന് കഴിഞ്ഞു.
2013ലെ കോണ്‍ഫെഡറേഷന്‍ കപ്പ്, 2016ലെ റിയോ ഒളിംപിക്‌സിലെ സ്വര്‍ണ മെഡല്‍ നേട്ടം എന്നിവയാണ് ബ്രസീലിനൊപ്പം നെയ്മറിന്റെ പ്രധാന നേട്ടങ്ങള്‍. 124 മത്സരങ്ങളില്‍ നിന്നായി 77 ഗോളുകളും താരം നേടി. ദേശീയ ടീമിലേയും സാന്റോസിനും ഒപ്പമുള്ള തകര്‍പ്പന്‍ പ്രകടനം 2013ല്‍ നെയ്മറിനെ ബാഴ്‌സലോണയിലെത്തിച്ചു.
ലയണല്‍ മെസി, ലൂയിസ് സുവാരസ് എന്നിവര്‍ക്കൊപ്പം നെയ്മറും കൂടിയെത്തിയതോടെ ക്ലബ്ബിന്റെ സുവര്‍ണകാലമെന്നാണ് അതിന്റെ ആരാധകര്‍ വാഴ്ത്തിയത്. ബാഴ്‌സലോണയ്ക്ക് വേണ്ടി 186 മത്സരങ്ങളില്‍ നിന്നായി 105 ഗോളുകളാണ് നെയ്മര്‍ നേടിയത്. 2015ലെ ബാഴ്‌സയ്‌ക്കൊപ്പം ചാംപ്യന്‍സ് ലീഗ് ഉള്‍പ്പടെ നിരവധി കിരീടങ്ങള്‍ സ്വന്തമാക്കി.
2017ലാണ് നെയ്മറിനെ റെക്കോര്‍ഡ് തുകയായ 222 മില്യണ്‍ യൂറോയ്ക്ക് ഫ്രഞ്ച് ക്ലബ് പിഎസ്ജി സ്വന്തമാക്കിയത്. 173 മത്സരങ്ങള്‍ ഫ്രഞ്ച് ക്ലബിനായി കളിച്ചിട്ടുണ്ട്. 2020 മുതല്‍ നെയ്മറിനെ പരിക്ക് വിടാതെ പിന്തുടരുന്നുണ്ട്. 2026 ലോകകപ്പില്‍ ബ്രസീലിനായി കളിക്കുമെന്ന് താരം അടുത്തിടെ വ്യക്തമാക്കിയിരുന്നു.