Football

സൂപ്പര്‍ താരം നെയ്മറിന് വീണ്ടും പരിക്ക്‌

By webdesk13

November 05, 2024

മിട്രോവിച്ചിന്റെ ഹാട്രിക്കിലൂടെ അൽഹിലാൽ എഫ്.എസ്.സി ചാമ്പ്യൻസ് ലീഗിൽ ഗംഭീര ജയം നേടിയെങ്കിലും സൂപ്പർതാരം നെയ്മർ ജൂനിയറിന് വീണ്ടും പരിക്കേറ്റത് ആരാധകരെ കണ്ണീരിലാഴ്ത്തി.

കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് ശസ്ത്രക്രിയയും ഒരു വർഷത്തോളം നീണ്ട വിശ്രമവും കഴിഞ്ഞ് കളത്തിലേക്ക് മടങ്ങിയെത്തിയ നെയ്മറിനെ വിടാതെ പിന്തുടരുകയാണ് പരിക്ക്. ഇറാനിയൻ ക്ലബായ എസ്റ്റെഗൽ എഫ്.സിയുമായുള്ള മത്സരത്തിനിടെയാണ് സൂപ്പർ താരത്തിന് വീണ്ടും പരിക്കേറ്റത്. മത്സരത്തിൽ പകരക്കാരനായാണ് നെയ്മർ കളത്തിലിറങ്ങിയതെങ്കിലും കളിതീരും മുൻപ് കളംവിടേണ്ടി വന്നു.

മത്സരത്തില 58ാം മിനിറ്റിൽ കളത്തിലെത്തിയ നെയ്മർ 87ാം മിനിറ്റിൽ തിരിച്ചുകയറി. ഹാം സ്ട്രിങ് ഇഞ്ചുറിയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഒരു മാസമെങ്കിലും താരത്തിന് വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോർട്ട്. 12 മാസത്തിന് ശേഷം അൽഹിലാലിൽ തിരിച്ചെത്തിയുള്ള രണ്ടാമത്തെ മത്സരത്തിലാണ് നെയ്മർ പരിക്കുമായി മടങ്ങുന്നത്.

അതേസമയം, മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിനാണ് എസ്റ്റെഗൽ എഫ്.സിയെ അൽ ഹിലാൽ തോൽപ്പിച്ചത്. 15,33,74 മിനിറ്റുകളിലാണ് അലക്‌സാണ്ടർ മിത്രോവിച്ച് ഗോൾ കണ്ടെത്തിയത്. ജയത്തോടെ എ.എഫ്.സി ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് ബിയിൽ 12 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്.