2025 സീസണ്‍ അവസാനത്തോടെ സഊദി ക്ലബ് അല്‍ഹിലാലുമായി കരാര്‍ അവസാനിക്കുന്ന ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ഇന്റര്‍ മിയാമിയിലേക്ക് പോകില്ലെന്ന് റിപ്പോര്‍ട്ട്. ബ്രസീലിലെ തന്റെ ആദ്യകാല ക്ലബായ സാന്റോസുമായി കരാറിലെത്താനാണ് 32 കാരന്‍ ലക്ഷ്യമിടുന്നതെന്നാണ് വിവരം.
2023ല്‍ റെക്കോര്‍ഡ് തുകക്ക് ഫ്രഞ്ച് ക്ലബ് പിഎസ്ജിയില്‍ നിന്ന് അല്‍ഹിലാലിലെത്തിയ നെയ്മറിന് പരിക്ക് കാരണം സഊദി പ്രോ ലീഗിലെ ഭൂരിഭാഗം മത്സരങ്ങളിലും കളത്തിലിറങ്ങാനായില്ല. ഏഴ് മത്സരങ്ങളില്‍ ക്ലബിനായി ഇറങ്ങിയ നെയ്മര്‍ ഒരു ഗോളാണ് നേടിയത്. ഇതോടെ സീസണ്‍ അവസാനത്തോടെ താരം ക്ലബ് വിടുമെന്ന അഭ്യൂഹം ശക്തമായി.
അമേരിക്കന്‍ ക്ലബായി ഇന്റര്‍ മിയാമിയിലേക്ക് നെയ്മര്‍ ചേക്കേറുമെന്നും വാര്‍ത്ത പ്രചരിച്ചു. പിഎസ്ജില്‍ സഹതാരമായിരുന്ന ലയണല്‍ മെസ്സിയുടെ ഇന്റര്‍ മയാമിയിലെ സാന്നിധ്യവും ഈ നീക്കത്തിന് ശക്തി പകര്‍ന്നു. മുന്‍ ബാഴ്‌സ സഹതാരം ലൂയി സുവാരസും കരിയറിലെ അവസാനകാലത്ത് അമേരിക്കല്‍ ക്ലബിലാണ് കളിക്കുന്നത്. നെയ്മര്‍ കൂടി എത്തിയാല്‍ ബാഴ്‌സയിലെ പഴയ എംഎസ്എന്‍ ത്രയം വീണ്ടും കളത്തില്‍ കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകരും. 2017ല്‍ നെയ്മര്‍ സ്പാനിഷ് ക്ലബ് വിട്ടതോടെയാണ് ഈ ത്രയം അവസാനിച്ചത്.
ഫുട്‌ബോള്‍ കരിയറില്‍ വഴിത്തിരിവായ സാന്റോസിലേക്ക് മടങ്ങുക വഴി 2026 ഫിഫ ലോകകപ്പും നെയ്മര്‍ ലക്ഷ്യമിടുന്നു. സാന്റോസിനായി 177 മത്സരങ്ങളില്‍ നിന്നായി 107 ഗോളുകളാണ് ബ്രസീലിയന്‍ അടിച്ചുകൂട്ടിയത്. നെയ്മര്‍ ക്ലബ് വിടുന്നതോടെ ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ സൂപ്പര്‍ താരം മുഹമ്മദ് സലാഹിനെയെത്തിക്കാനാണ് അല്‍ഹിലാല്‍ ശ്രമം നടത്തുന്നത്.