ബ്രസീൽ സീരി എ ലീഗിൽ തരംതാഴ്ത്തൽ ഭീഷണി നേരിട്ടിരുന്ന സാന്റോസ് എഫ്സിയെ അതിജീവനത്തിലേക്ക് നയിച്ച് സൂപ്പർതാരം നെയ്മർ വീണ്ടും ‘ഗെയിംചേഞ്ചർ’ ആയി. ഗുരുതരമായ മെനിസ്‌കസ് പരിക്കുണ്ടായിട്ടും ഡോക്ടർമാരുടെ നിർദേശം മറികടന്ന് കളത്തിലിറങ്ങിയ നെയ്മർ, ഒരു ഗോളും ഒരു അസിസ്റ്റും നൽകി ടീമിനെ സ്‌പോർട് റെസിഫെക്കെതിരെ 3–0ന്റെ തകർപ്പൻ ജയത്തിലേക്കാണ് എത്തിച്ചത്.
17-ാം സ്ഥാനത്ത് നിൽക്കുന്ന സാന്റോസിന് ലീഗിൽ ഇനി മൂന്ന് മത്സരങ്ങൾ മാത്രമേ ബാക്കിയുള്ളൂ. തരംതാഴ്ത്തപ്പെടുന്ന ടീമുകളുടെ പട്ടികയിൽനിന്ന് മാറാനായിരുന്നു ജയത്തിന്റെ അടിയന്തര ആവശ്യം. അതോടെ ബാല്യകാല ക്ലബിനെ രക്ഷിക്കാൻ നെയ്മർ തന്നെ മുന്നോട്ട് വന്നു. പുതിയ പരിക്കിനെ തുടർന്ന് സീസണിലെ ശേഷിച്ച മത്സരങ്ങൾ നഷ്ടമാകുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും താരം ടീമിനുവേണ്ടി മൈതാനത്തിലിറങ്ങുകയായിരുന്നു.
മത്സരത്തിൽ 25-ാം മിനിറ്റിൽ നെയ്മറുടെ ഗോളോടെ സാന്റോസ് ലീഡ് എടുത്തു. 36-ാം മിനിറ്റിൽ ലൂക്കാസ് കലിന്റെ ഓൺഗോളിലൂടെ ലീഡ് ഇരട്ടിയായി. 67-ാം മിനിറ്റിൽ ജാവോ ഷ്മിത്തിന്റെ ഗോളും ചേർന്ന് സാന്റോസ് തകർപ്പൻ വിജയത്തോടെ പോയിന്റ് പട്ടികയിൽ ആശ്വാസകരമായ നിലയിലേക്ക് നീങ്ങി. ഇപ്പോൾ 36 മത്സരങ്ങളിൽ നിന്ന് 41 പോയിന്റുമായി സാന്റോസ് 15-ാം സ്ഥാനത്താണ്. 20 ടീമുകളുള്ള ലീഗിൽ അവസാന നാലു ടീമുകളാണ് തരംതാഴ്ത്തപ്പെടുന്നത്. ശേഷിക്കുന്ന രണ്ടു മത്സരങ്ങളും ടീമിന്റെ ഭാവി നിർണയിക്കുന്നതാകും.
അതേസമയം, നെയ്മറിന്റെ ഫിറ്റ്‌നസിനെ കുറിച്ചുള്ള ആശങ്ക ആരാധകരിൽ തുടരുകയാണ്. ഹാംസ്ട്രിംഗ്, പേശീ പ്രശ്‌നങ്ങൾ തുടങ്ങി 2025ൽ നിരവധി പരിക്കുകൾ നേരിട്ട നെയ്മറിന് ലോകകപ്പിന് മുമ്പ് പൂർണമായും മടങ്ങിവരാൻ ബ്രസീൽ പരിശീലകൻ കാർലോ ആഞ്ചലോട്ടി ആറുമാസത്തെ സമയപരിധി നൽകിയിരുന്നു. ഇപ്പോഴത്തെ പുതിയ പരിക്ക് നെയ്മറിന്റെ വേൾഡ് കപ്പ് സ്വപ്നത്തിന് തിരിച്ചടിയാകുമോ എന്നതാണ് വലിയ ചോദ്യചിഹ്നം.