നെയ്യാറ്റിന്‍കരയില്‍ ഒരു വയസ്സുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ പിതാവ് ഷിജിലിനെതിരെ ഗാര്‍ഹിക പീഡന വകുപ്പ് കൂടി ചുമത്താന്‍ പൊലീസ് നീക്കം. കുഞ്ഞിന്റെ അമ്മ കൃഷ്ണപ്രിയ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കാനുള്ള ആലോചന. നിലവില്‍ ഷിജിലിനെതിരെ കൊലപാതക കുറ്റം മാത്രമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
എന്നാല്‍ സ്ത്രീധനമായി നല്‍കിയ വസ്തുവിനെ ചൊല്ലി ഭാര്യയെ ഉപദ്രവിച്ചിരുന്നുവെന്ന മൊഴി പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതോടെയാണ് ഗാര്‍ഹിക പീഡന കുറ്റം കൂടി ചുമത്തുന്നത് പരിഗണിക്കുന്നത്. പ്രതിയുടെ ബന്ധുക്കള്‍ക്കും സംഭവത്തില്‍ പങ്കുണ്ടോയെന്ന കാര്യവും പൊലീസ് അന്വേഷിക്കും. കോടതിയില്‍ ഹാജരാക്കിയ ഷിജിലിനെ ഇന്നലെ റിമാന്‍ഡ് ചെയ്തിരുന്നു.
നാളെ ഇയാളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങുന്നതിനായി അപേക്ഷ നല്‍കുമെന്നും അന്വേഷണ സംഘം അറിയിച്ചു. ഇക്കഴിഞ്ഞ 16-ാം തീയതി പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. അപ്പു എന്ന് വിളിക്കുന്ന ഒരു വയസ്സുകാരന്‍ ഇഹാനെ സ്വന്തം പിതാവ് ഷിജില്‍ അതിക്രൂരമായി കൊലപ്പെടുത്തിയതെന്നാണ് കേസ്. പുലര്‍ച്ചെ കുഞ്ഞ് കരഞ്ഞതിനെ തുടര്‍ന്ന് ഉറക്കം നഷ്ടപ്പെട്ടതിലുള്ള പ്രകോപനത്തിലാണ് കുഞ്ഞിന്റെ അടിവയറ്റില്‍ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.