ബിര്‍മിംഗ്ഹാം: 2012 ലെ ലോകകപ്പ് ടി-20 യില്‍ തോല്‍വി….2013 ചാമ്പ്യന്‍സ് ട്രോഫിയിലെ പരാജയം…, 2014 ലെ ലോകകപ്പ് ടി 20 യിലെ തോല്‍വി, 2015 ലെ ലോകകപ്പ് തോല്‍വി, 2016 ലെ ലോകകപ്പ് ടി 20 യിലെ തോല്‍വി………..- ഇന്ത്യ മുന്നില്‍ വരുമ്പോള്‍ തോല്‍വികളുടെ പരമ്പരയാണ് പാക്കിസ്താന് മുന്നിലുളളത്. ഇന്ത്യ മുന്നില്‍ വരുമ്പോഴെല്ലാം മുട്ടുവിറക്കുന്നവരായി മാറിയിരിക്കുന്ന അയല്‍ക്കാര്‍ക്ക് മുന്നില്‍ മേല്‍പ്പറഞ്ഞ മല്‍സരങ്ങളെല്ലാം നാണക്കേടുകളായിരുന്നു. ഇതാ, ഇന്നാണ് പാക്കിസ്താന് കനകാവസരം കൈവന്നിരിക്കുന്നത്. കോച്ചും ക്യാപ്റ്റനും തമ്മിലുളള ശീതസമരത്തില്‍, ക്രിക്കറ്റിനെ ഭരിക്കുന്നവര്‍ തമ്മിലുളള അധികാര തര്‍ക്കത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റും ഇന്ത്യന്‍ ടീമും ആടിയുലഞ്ഞ് നില്‍ക്കുന്ന ഈ അവസരത്തില്ലല്ലാതെ പിന്നെയെപ്പോള്‍ ഇന്ത്യയെ തോല്‍പ്പിക്കാനാവും….?
കളിക്കളത്തില്‍ നൂറ് ശതമാനം പ്രൊഫഷണലുകളാണ് ഇന്ത്യന്‍ താരങ്ങള്‍. സമീപകാലത്തെ അവരുടെ പ്രകടനങ്ങള്‍ തന്നെ അതിന് തെളിവ്. പുറത്തെ പ്രശ്‌നങ്ങള്‍ കളിക്കളത്തില്‍ ബാധിക്കില്ലെന്ന് അവര്‍ പലവട്ടം തെളിയിച്ചിട്ടുണ്ട്. അത്തരത്തില്‍ കരുത്തരായി നില്‍ക്കുന്ന ഇന്ത്യന്‍ താരങ്ങളെ തോല്‍പ്പിക്കുക എന്ന വലിയ ജോലിയില്‍ അല്‍പ്പമധികം ജാഗ്രത പാലിക്കുക എന്നതാണ് പാക്കിസ്താന് ഇന്ന് ചെയ്യാനുളളത്. അത് തങ്ങള്‍ ചെയ്യുമെന്നാണ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ സര്‍ഫ്രാസ് അഹമ്മദ് വ്യക്തമാക്കുന്നത്.
ഇന്ത്യന്‍ നായകന്‍ വാാരിത് കോലിയാവട്ടെ ടീമിലെ പ്രശ്‌നങ്ങളും വടം വലികളും മറക്കുന്നു. ജയിക്കാന്‍ ഇന്ത്യക്കറിയാമെന്ന് അദ്ദേഹം നെഞ്ചില്‍ കൈവെച്ച് പറയുന്നു. ടീമിലെ പ്രശ്‌നങ്ങള്‍ പുതിയ സംഭവമല്ല. പലപ്പോഴും പല വിധ പ്രശ്‌നങ്ങളും സമ്മര്‍ദ്ദങ്ങളുമുണ്ടാവും. എന്നാല്‍ മല്‍സരക്കളത്തില്‍ തങ്ങള്‍ എല്ലാം മറക്കുമെന്ന് കോലി പറയുമ്പോള്‍ അതില്‍ അവിശ്വാസത്തിന് അവസരമില്ല. സമീപകാല ഇന്ത്യന്‍ ടീമിന്റെ പ്രകടനങ്ങള്‍ കരുത്തുറ്റതാണ്. അതിര്‍ത്തിയിലെ പ്രശ്‌നങ്ങളും ഇന്ത്യ-പാക്കിസ്താന്‍ സമീപകാല അസ്വാരസ്യങ്ങളുമെല്ലാം കൂട്ടി വായിക്കുമ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ പ്രശ്‌നങ്ങളെല്ലാം മറന്ന് പൊരുതും.
മഴയാണ് പ്രശ്‌നം. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഇവിടെ മഴയുണ്ട്. എന്നാല്‍ ഇന്ന് പ്രസന്നമായ കാലാവസ്ഥയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയുടെ കരുത്ത് നാല് സീമര്‍മാരും രണ്ട് സ്പിന്നര്‍മാരുമടങ്ങുന്ന ശക്തമായ ബൗളിംഗാണ്. മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ എന്നി നാല്‍വര്‍ പേസ് സഖ്യം. ഇവരില്‍ ആര്‍ക്കെല്ലാം ഇന്നവസരമുണ്ടാവുമെന്ന് വ്യക്തമല്ല. പക്ഷേ നാലു പേരും ഉഗ്ര ഫോമിലാണ്. ഷമിയും ഭുവിയും ചേര്‍ന്നാണ് സന്നാഹ മല്‍സരത്തില്‍ കിവിസിനെ തരിപ്പണമാക്കിയത്. ബുംറയും യാദവും അതിവേഗക്കാരല്ല-പക്ഷേ അവസരോചിതമായി പന്തെറിയുന്നവര്‍. ഇംഗ്ലണ്ടിലെ പേസ് സാഹചര്യത്തില്‍ ഉപയോഗപ്പെടുത്താന്‍ കഴിയുന്നവര്‍. രണ്ട് സ്പിന്നര്‍മാരില്‍ രവിചന്ദ്രന്‍ അശ്വിന്‍ കളിക്കുന്ന കാര്യത്തില്‍ ഉറപ്പില്ല. പക്ഷേ ഓള്‍റൗണ്ടര്‍ ഗണത്തില്‍ സ്ഥാനമുള്ള രവീന്ദു ജഡേജ കളിക്കും. ബാറ്റിംഗിലും പ്രശ്‌നങ്ങള്‍ കുറവാണ്. ശിഖര്‍ ധവാന്‍, അജിങ്ക്യ രഹാനെ, യുവരാജ് സിംഗ്, രോഹിത് ശര്‍മ, കോലി, ധോണി തുടങ്ങിയവര്‍ക്കൊപ്പം ഹാര്‍ദിക് പാണ്ഡ്യയെ പോലുളള യുവരത്‌നങ്ങളുമുണ്ട്.
പാക് നിരയില്‍ അനുഭവസമ്പന്നര്‍ കുറവാണ്. പക്ഷേ അസ്ഹര്‍ അലിയെ പോലുള്ള ശക്തരുണ്ട്. ക്രീസില്‍ നിലയുറപ്പിച്ച് കളിക്കാന്‍ മിടുക്കനാണ് അസ്ഹര്‍. മുഹമ്മദ് ഷഹസാദ്,ഷുഹൈബ് മാലിക് എന്ന സാനിയ മിര്‍സയുടെ ഭര്‍ത്താവ്, മുഹമ്മദ് ഹാഫിസ്, ഫാഹിം അഷ്‌റഫ്, ബാബര്‍ അസം തുടങ്ങിയവരെല്ലാമുണ്ട്. ബൗളിംഗില്‍ പക്ഷേ ആ കരുത്ത് കുറവാണ്. വഹാബ് റിയാസാണ് സീനിയര്‍ സീമര്‍. ജുനൈദ് ഖാന്‍, മുഹമ്മദ് ആമിര്‍ എന്നിവര്‍ക്കൊപ്പം ഷദാബ്ഖാന്‍ എന്ന സ്പിന്നറുമുണ്ട്. മഴ മാറി നിന്നാല്‍ രണ്ട് യുവശക്തികള്‍ തമ്മിലുള്ള ഗംഭീര പോരാട്ടമാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഉന്നതരും സൗരവ് ഗാംഗുലി ഉള്‍പ്പെടെയുള്ള മുന്‍കാല താരങ്ങളുമെല്ലാം ഇന്ത്യയുടെ പ്രകടനം കാണാന്‍ ഇവിടെയെത്തിയിട്ടുണ്ട്. പാക്കിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രതിനിധികളുമുണ്ട്.