മാച്ച് റിവ്യൂ
മുഹമ്മദ് ഷാഫി

നൈജീരിയ 2 ഐസ്‌ലാന്റ് 0

ബൈബിളിലെ മോസസാണ് ഖുര്‍ആനിലെ മൂസ. ഫറോവയുടെ ദുര്‍ഭരണത്തില്‍ പൊറുതിമുട്ടിയ ഇസ്രാഈല്യരെ രക്ഷിക്കാന്‍ അവതരിച്ച പ്രവാചകന്‍. വോള്‍വോഗ്രാദിലെ ലോകകപ്പ് കളിക്കളത്തിലിന്ന് നൈജീരിയക്ക് രക്ഷകനായി മൂസയും മോസസും ഒന്നിച്ച് അവതരിച്ചു. ഐസ്‌ലാന്റിനെ രണ്ടു ഗോല്‍നു തകര്‍ത്ത് ആഫ്രിക്കയിലെ സൂപ്പര്‍ കഴുകന്മാര്‍ ലോകകപ്പിലെ സാധ്യതകള്‍ സജീവമാക്കിയപ്പോള്‍ അഹ്മദ് മൂസ എന്ന 25കാരന്‍ ഇന്നീ നിമിഷം ലോകത്ത് ഏറ്റവുമധികം സ്‌നേഹിക്കപ്പെടുന്ന നൈജീരിയക്കാരനായി മാറുകയും ചെയ്തു.

ഗോള്‍ക്ഷാമം നേരിടുന്ന ഈ ലോകകപ്പില്‍ മനോഹര ഗോളുകള്‍ക്കുവേണ്ടിയുള്ള മോഹം അത്യാഗ്രഹമായി മാറിയ സമയത്താണ് രണ്ട് കിണ്ണംകാച്ചി, കിടിലന്‍, തകര്‍പ്പന്‍, കരുത്തന്‍, ബൊംബാസ്റ്റിക് ഗോളുകളുമായി അഹ്മദ് മൂസയുടെ അവതാരപ്പിറവി. അര്‍ജന്റീനയെ സമനിലയില്‍ തളച്ചതിന്റെ ആവേശത്തില്‍ അടുത്ത റൗണ്ടിലേക്ക് മുന്നേറാനാവശ്യമായ ജയത്തിനായി ഐസ്‌ലാന്റുകാര്‍ കൈമെയ് മറന്ന് പൊരുതുമ്പോഴായിരുന്നു മോസസിന്റെ ക്രോസില്‍ നിന്നുള്ള മൂസയുടെ വെടിയുണ്ട ഗോള്‍. തിരിച്ചുവരാനുള്ള യൂറോപ്യരുടെ ശ്രമങ്ങള്‍ക്കിടെ കരുത്തും കണക്കുകൂട്ടലും കവിതയും ചാലിച്ച വന്യഭംഗിയുള്ള മറ്റൊരു ഗോളിലൂടെ അയാള്‍ തന്നെ കളിയുടെ വിധി കുറിക്കുകയും ചെയ്തു.

അര്‍ജന്റീനയെ വരിഞ്ഞുമുറിക്കിയ ഐസ്‌ലാന്റ് ആയിരുന്നില്ല ഇന്ന് മൈതാനത്ത്. 442 ശൈലിയില്‍ തുടങ്ങിയ അവര്‍ വിജയം അതീവമായി ആഗ്രഹിക്കുന്ന കളിയാണ് കളിച്ചത്. രണ്ട് അറ്റാക്കര്‍മാരെ മുന്നില്‍ നിര്‍ത്തിയുള്ള കളിക്ക് മിഡ്ഫീല്‍ഡര്‍മാരായ സൈഗുഡ്‌സന്റെയും ഗുണാര്‍സന്റെയും കയ്യയഞ്ഞ സഹായമുണ്ടായിരുന്നു. വശങ്ങളില്‍ നിന്ന് ഗോള്‍മുഖത്തേക്ക് തൂങ്ങിയിറങ്ങിയ ക്രോസുകള്‍ മൂന്നംഗ നൈജീരിയന്‍ ഡിഫന്‍സിനെയും ഗോള്‍കീപ്പര്‍ ഉസോഹോയെയും വിഷമിപ്പിച്ചു. എതിരാളികള്‍ ആക്രമിക്കുമ്പോള്‍ ഐസ്‌ലാന്റ് ആറു പേരെ ബോക്‌സിലേക്കു വിളിച്ച് കോട്ടകെട്ടി.

352 എന്ന ശൈലിയിലുള്ള നൈജീരിയന്‍ പടയൊരുക്കത്തില്‍ ജോണ്‍ ഓബി മൈക്കലിനായിരുന്നു മൈതാനമധ്യത്തുനിന്ന് നിയന്ത്രിക്കാനുള്ള ചുമതല. മുന്‍നിരയില്‍ ഇഹ്യാനച്ചോയും മൂസയും. വശങ്ങളില്‍ നിന്ന് മോസസിന്റെയും ഇഡോവുവിന്റെയും സഹായങ്ങള്‍. പിന്നിലുള്ള മൂന്നുപേരെ സഹായിക്കലും പന്തുമായി മുന്നോട്ടുകയറി പടനയിക്കലും എതിരാളികളില്‍ നിന്ന് വീണ്ടെടുക്കലുമൊക്കെയായി മൈക്കലിന് നല്ല തിരക്കായിരുന്നു. ഉയരക്കാരായ ഐസ്‌ലാന്റ് ആക്രമണകാരികളെ തടഞ്ഞുനിര്‍ത്താന്‍ മൂന്നംഗ പ്രതിരോധം നന്നായി കഷ്ടപ്പെടുന്നുണ്ടായിരുന്നു. ഇരുഗോള്‍ മുഖത്തും അവസരങ്ങളുണ്ടായെങ്കിലും എവിടെയും പന്തുകയറാതെ ആദ്യപകുതി അവസാനിച്ചു.

ഇടവേളക്കു ശേഷം ഐസ്‌ലാന്റ് കളിയൊന്ന് മാറ്റിപ്പിടിച്ച പോലെ തോന്നി. കാത്തിരുന്ന് പ്രത്യാക്രമണം നയിക്കുന്നതിനു പകരം വശങ്ങളിലൂടെ ആക്രമിക്കാന്‍ അവര്‍ തുനിഞ്ഞിറങ്ങിയപ്പോള്‍ നൈജീരിയന്‍ ബോക്‌സ് വിറകൊണ്ടു. ഏതുനിമിഷവും ഐസ്‌ലാന്റ് കളിയില്‍ വഴിത്തിരിവുണ്ടാക്കുമെന്ന് തോന്നിച്ച നിമിഷങ്ങള്‍. പക്ഷേ, ചില്ലിട്ടു വെക്കേണ്ടത്ര കുറ്റമറ്റ കൗണ്ടര്‍ അറ്റാക്കിങ്ങിലൂടെ, ആരെയും അമ്പരപ്പിക്കുന്ന അതിന്റെ തകര്‍പ്പന്‍ ക്ലൈമാക്‌സിലൂടെ നൈജീരിയ ഗോളടിച്ചു. അതൊരു ഒന്നൊന്നര ഗോളായിരുന്നു. ഒരുപക്ഷേ, ഉത്ഭവം മുതല്‍ പരിശോധിക്കുമ്പോള്‍ ഈ ടൂര്‍ണമെന്റിലെ മികച്ചത്.

നൈജീരിയന്‍ ഗോള്‍ ഏരിയയിലെ ഐസ്‌ലാന്റിന്റെ ത്രോ ഇന്നില്‍ നിന്നാണത് തുടങ്ങിയത്. നൈജീരിയ വീണ്ടെടുത്ത പന്ത് മൈതാനമധ്യം വഴി വലതുഭാഗത്ത് വിക്ടര്‍ മോസസിലേക്ക്. പന്തുമായികുതിച്ചോടിയ മോസസ് ബോക്‌സിന്റെ തൊട്ടരികില്‍ വെച്ച് പന്ത് ക്രോസ് ചെയ്യുന്നു. കളി കാണുന്ന നമ്മളും ഐസ്ലാന്റ് കളിക്കാരുമെല്ലാം കരുതുന്നത് ആ ക്രോസ് ഇടതുവിങില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ ഓടിക്കയറുന്ന ഇറ്റിബോക്കാണെന്നാണ്. അതിനൊത്ത് അവര്‍ പൊസിഷന്‍ ചെയ്യുന്നതിനിടെ വലതുവശത്ത് പന്ത് കാലില്‍ കൊളുത്തിയിറക്കി മൂസയുടെ അഭ്യാസം. ഞെട്ടിത്തരിച്ചു നില്‍ക്കുന്ന ഡിഫന്‍സിന് പ്രതികരിക്കാന്‍ കഴിയുംമുമ്പ് ക്വിന്റല്‍ കണക്കിന് ഭാരമുള്ളൊരു ഷോട്ടും. ഗോള്‍കീപ്പര്‍ക്ക് വല്ലതും ചെയ്യാനാകും മുമ്പ് പന്ത് വലയില്‍.

ആ ഗോള്‍ കളിയാകെ മാറ്റി. ഐസ്‌ലാന്റിന് പൊറുതി നല്‍കാതെ തലങ്ങും വിലങ്ങും നിന്ന് നൈജീരിയ ആക്രമണം. മോസസിന്റെയും എന്‍ഡിഡിയുടെയും ലോങ് റേഞ്ചറുകള്‍ ഭീഷണിയയുര്‍ത്തി കടന്നുപോയപ്പോള്‍ മൂസയുടെ ഒരു ഷോട്ട് ക്രോസ്ബാറില്‍ തട്ടി മടങ്ങി. സമയം നീങ്ങുന്നതിനനുസരിച്ച് സമ്മര്‍ദം കൂടിയ ഐസ്ലാന്റുകാര്‍ ആക്രമിക്കുന്നതിനിടെ മൂസയുടെ വ്യക്തിഗത മികവ് വീണ്ടും. ഇത്തവണ ഇടതുവിങില്‍ ഓമെറോവിന്റെ പാസ് സ്വീകരിച്ച് തന്നേക്കാള്‍ ബലിഷ്ഠനായ ഡിഫന്ററെ മറികടന്ന് ബോക്‌സിലേക്ക്. മുന്നോട്ടുകയറിയ ഗോള്‍കീപ്പറെ കബളിപ്പിച്ച് നിലത്ത് വീഴ്ത്തി ഗോളിനു മുന്നിലേക്ക്. ഗോള്‍വരയില്‍ എന്തിനും തയ്യാറായി നിന്ന രണ്ട് ഡിഫന്റര്‍മാര്‍ക്ക് അവസരം കൊടുക്കാതെ കണക്കുകൂട്ടിയുള്ളൊരു ഫിനിഷിങ്. കഥ കഴിഞ്ഞു. ഐസ്‌ലാന്റിനു ലഭിച്ച പെനാല്‍ട്ടി അവര്‍ക്ക് തിരിച്ചുവരാനുള്ള അവസാനത്തെ പ്രതീക്ഷയായിരുന്നു. പക്ഷേ, സിഗൂര്‍സന്റെ പരിചയ സമ്പത്ത് കൊണ്ട് കാര്യമുണ്ടായില്ല. പന്ത് ക്രോസ്ബാറിനു മുകളിലൂടെ പറന്നപ്പോള്‍ നൈജീരിയക്കാര്‍ ആഘോഷം തുടങ്ങിയിരുന്നു.

ഇന്നലെ പുറത്താകുമെന്നുറച്ച അര്‍ജന്റീനക്കു കൂടിയാണ് മൂസയും കൂട്ടരും ഇന്ന് ജീവശ്വാസം പകര്‍ന്നത്. അതിനൊരു സ്‌പെഷ്യല്‍ നന്ദിയുണ്ട്. കഴിഞ്ഞ തവണ അര്‍ജന്റീനയുമായ കളിച്ചപ്പോള്‍ ഇതേ മൂസ രണ്ടു ഗോളടിച്ചിരുന്നു. അടുത്ത ചൊവ്വാഴ്ച ഇരുകൂട്ടരും ഒരിക്കല്‍ക്കൂടി ഏറ്റുമുട്ടുമ്പോള്‍ ആരുടെ കണ്ണീരാവും ആ മരണമത്സരം വീഴ്ത്തുക?

ഡുറമലേ: കളിയിലെ മികച്ച പ്രകടനങ്ങളും വഴിത്തിരിവുകളുമൊക്കെ വേറെ ഉണ്ട്. അത് മറ്റാരെങ്കിലും എഴുതുമെന്ന് കരുതുന്നു. എനിക്ക് ആ മൂസാ ഗോളുകളുടെ കെട്ടിറങ്ങിയിട്ടില്ല