kerala

നിഹാലിന്റെ ശരീരം മുഴുവന്‍ മുറിവ്; മരണകാരണം വയറ്റിലും തുടയിലും ഏറ്റ മുറിവുകളെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

By webdesk14

June 13, 2023

കണ്ണൂര്‍ മുഴപ്പിലങ്ങാട് തെരുവ് നായ ആക്രമണത്തില്‍ കൊല്ലപ്പെട്ട നിഹാലിന്റെ ദേഹമാസകലം മുറിവുകളെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. തല മുതല്‍ കാല്‍ വരെ ഒട്ടേറെ മുറിവുകള്‍ ഉണ്ട്. നായയുടെ ആക്രമണത്തില്‍ വയറ്റിലും ഇടതുകാല്‍ തുടയിലും ഏറ്റ മുറിവുകളാണ് മരണകാരണമായി റിപ്പോര്‍ട്ടില്‍ പറയുന്നത്. ജനനേന്ദ്രിയത്തിലും അടിവയറിലും ഗുരുതരമായ പരുക്കേറ്റു. മുറിവുകളുടെ സ്വഭാവം വ്യക്തമാക്കുന്നത് കൂട്ടമായുള്ള തെരുവ് നായ ആക്രമണം നടന്നുവെന്നാണെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

തലശ്ശേരി ജനറല്‍ ആശുപത്രിയിലായിരുന്നു നിഹാലിന്റെ പോസ്റ്റ്‌മോര്‍ട്ടം. ഇന്നലെ ഉച്ചയോടെ വീട്ടിലെത്തിച്ച മൃതദേഹം പൊതുദര്‍ശനത്തിന് ശേഷം എടക്കാട് മണപ്പുറം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ സംസ്‌കരിച്ചു. സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. അക്രമകാരികളായ തെരുവുനായകളെ കൊല്ലാന്‍ അനുമതി തേടി ജില്ലാ പഞ്ചായത്ത് വീണ്ടും സുപ്രീംകോടതിയെ സമീപിക്കുമെന്നും തെരുവ് നായ്ക്കളെക്കാള്‍ വലുത് മനുഷ്യജീവനാണെന്നും പ്രസിഡന്റ് പി.പി ദിവ്യ പറഞ്ഞു.