Film

പവിഴമല്ലി പൂത്തുലഞ്ഞ നീല വാനം പ്രണയവല്ലി പുഞ്ചിരിച്ച ദിവ്യ യാമം

By webdesk18

December 20, 2025

സിനിമകളിലൂടെ വെറുതെ ചിരിപ്പിക്കുകയായിരുന്നില്ല ശ്രീനിവാസന്‍. ഓരോ ഡയലോഗിലൂടെയും പ്രേക്ഷകരെ ചിന്തിപ്പിക്കാനും സാമൂഹിക യാഥാര്‍ഥ്യങ്ങളിലേക്ക് കണ്ണുതുറക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നിങ്ങനെ കൈവച്ച എല്ലാ മേഖലകളിലും ഒരു പ്രത്യേക ‘ശ്രീനിവാസന്‍ ടച്ച്’ ഉണ്ടായിരുന്നു. മലയാള സിനിമയിലെ പകരക്കാരനില്ലാത്ത കലാകാരന്‍ എന്ന് വിശേഷിപ്പിക്കുമ്പോള്‍ അത് ശ്രീനിയുടെ കാര്യത്തില്‍ പൂര്‍ണമായും ശരിയായിരുന്നു.

അദ്ദേഹത്തിന്റെ തൂലികയില്‍ വിരിഞ്ഞ കുറിക്കൊള്ളുന്ന ഡയലോഗുകള്‍ ഇന്നും മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. 1984-ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഓടരുതമ്മാവാ ആളറിയാം എന്ന ചിത്രത്തിലൂടെയാണ് ശ്രീനിവാസന്‍ തിരക്കഥാകൃത്തായി അരങ്ങേറ്റം കുറിച്ചത്. പിന്നീടുള്ള നാല് പതിറ്റാണ്ടുകളായി എഴുത്തിന്റെയും അഭിനയത്തിന്റെയും ലോകത്ത് ശ്രീനിവാസന്‍ സജീവ സാന്നിധ്യമായിരുന്നു.

ആദ്യകാലത്ത് ചെറിയ വേഷങ്ങളിലൊതുങ്ങിയ അദ്ദേഹത്തിന്റെ സിനിമാജീവിതം, തിരക്കഥാകൃത്തിന്റെ കുപ്പായമണിഞ്ഞതോടെ വലിയ മാറ്റങ്ങളിലേക്ക് കടന്നു. പ്രിയദര്‍ശനും സത്യന്‍ അന്തിക്കാടിനുമൊപ്പം ചേര്‍ന്നപ്പോഴെല്ലാം മലയാളിക്ക് ലഭിച്ചത് എക്കാലവും ഓര്‍മയില്‍ സൂക്ഷിക്കാവുന്ന ചിത്രങ്ങളായിരുന്നു. താന്‍ തിരക്കഥയെഴുതിയ സിനിമകളില്‍ അധികവും കോമഡി വേഷങ്ങളോ നെഗറ്റീവ് കഥാപാത്രങ്ങളോ തിരഞ്ഞെടുക്കുകയായിരുന്നു ശ്രീനിവാസന്‍.

സത്യന്‍ അന്തിക്കാട്ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ പിറന്ന ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്, സന്മനസ്സുള്ളവര്‍ക്ക് സമാധാനം, നാടോടിക്കാറ്റ് തുടങ്ങിയ ചിത്രങ്ങള്‍ ശ്രീനിവാസന്‍ എന്ന പേര് സ്‌ക്രീനില്‍ തെളിയുന്ന ഉറപ്പുകളായി. അവ കേവലം തമാശപ്പടങ്ങള്‍ ആയിരുന്നില്ല; അക്കാലത്തെ തൊഴിലില്ലായ്മയും ദാരിദ്ര്യവും സാമൂഹിക സംഘര്‍ഷങ്ങളും സൂക്ഷ്മമായി വരച്ചിടുന്ന സിനിമകളായിരുന്നു.

വരവേല്‍പ്പ്, സന്ദേശം, മിഥുനം, വെള്ളാനകളുടെ നാട് തുടങ്ങിയ ചിത്രങ്ങള്‍ ശ്രീനിവാസന്‍ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ക്ലാസിക്കുകളായി മാറി. വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള എന്നീ ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ സംവിധാന മികവിന്റെ മികച്ച ഉദാഹരണങ്ങളായിരുന്നു. സത്യനും പ്രിയനും ഒപ്പമൊരുക്കിയ സിനിമകളൊന്നും ഫാന്റസികളായിരുന്നില്ല; ജീവിതത്തില്‍ നിന്ന് ചീന്തിയെടുത്ത യാഥാര്‍ഥ്യങ്ങളുടെ ചലച്ചിത്രാവിഷ്‌കാരങ്ങളായിരുന്നു അവ.

മലയാള സിനിമയുടെ സാമൂഹിക ബോധത്തെ തന്നെ സ്വാധീനിച്ച കലാകാരനായിരുന്നു ശ്രീനിവാസന്‍. അദ്ദേഹത്തിന്റെ വിടവ് മലയാള സിനിമയ്ക്ക് ഒരിക്കലും നികത്താനാകാത്ത നഷ്ടമായിരിക്കും.