മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് ഒന്‍പത് വയസുകാരനെ ക്രൂരമായി മര്‍ദിച്ച അധ്യാപകന്‍ അറസ്റ്റില്‍. കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയിലെ നായകനഹട്ടിയിലെ ശ്രീഗുരു തിപ്പേരുദ്രസ്വാമി റെസിഡന്‍ഷ്യല്‍ വേദ സ്‌കൂളിലെ അധ്യാപകനായ വീരേഷ് ഹിരാമത്താണ് അറസ്റ്റിലായത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ സ്‌കൂള്‍ മാനേജ്‌മെന്റ് ആണ് അധ്യാപകനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. മറ്റൊരാളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് മുത്തശ്ശിയെ വിളിച്ചതിന്, എന്തിന് വിളിച്ചു? ആരോട് ചോദിച്ചു വിളിച്ചു എന്നീ ചോദ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ക്രൂര മര്‍ദനം.
എട്ട് മാസങ്ങള്‍ക്ക് മുന്‍പാണ് സംഭവം. എന്നാല്‍ അടുത്തിടെയാണ് ദൃശ്യങ്ങള്‍ പ്രചരിച്ചത്. സംഭവത്തിന് പിന്നാലെ വിദ്യാര്‍ഥി ടിസി വാങ്ങി സ്‌കൂളില്‍ നിന്ന് പോയിരുന്നു. ഒളിവില്‍ പോയ അധ്യാപകനെ കലാബുറഗിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
എന്നാല്‍ ഈ വിദ്യാലയം ഇനി പ്രവര്‍ത്തിക്കേണ്ട എന്ന നിലപാടിലാണ് നാട്ടുകാര്‍. സ്‌കൂള്‍ ഓഫീസിലേക്ക് സംഘടിച്ചെത്തിയ നാട്ടുകാര്‍ സ്‌കൂള്‍ ട്രസ്റ്റിയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. ചിത്രദുര്‍ഗ ജില്ലയില്‍ ഗുരു തിപ്പെ രുദ്രസ്വാമി ക്ഷേത്രത്തിന് കീഴില്‍ റസിഡന്‍ഷ്യല്‍ സ്‌കൂളായി പ്രവര്‍ത്തിക്കുന്ന ഇവിടെ ആദ്യ ഘട്ടത്തില്‍ മുപ്പതോളം കുട്ടികളുണ്ടായിരുന്നു. എന്നാല്‍ പ്രധാന അധ്യാപകന്റെ ക്രൂരത ഭയന്ന് പലരും സ്ഥലംവിട്ടു. ഇപ്പോള്‍ പത്തില്‍ താഴെ കുട്ടികള്‍ മാത്രമാണ് ഇവിടെ താമസിച്ച് പഠിക്കുന്നത്. പ്രധാനാധ്യാപാകന്‍ തങ്ങളെയും ഭീഷണിപ്പെടുത്താറുണ്ടെന്ന് മറ്റ് കുട്ടികള്‍ പറഞ്ഞു.