kerala

ഒമ്പതു വയസ്സുകാരിയുടെ കൈ മുറിച്ച സംഭവം: ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്

By webdesk17

October 31, 2025

പാലക്കാട് പല്ലശ്ശനയിലെ ഒമ്പതു വയസ്സുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. പാലക്കാട് മൂന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പാലക്കാട് ടൗണ്‍ സൗത്ത് പൊലീസിന് നിര്‍ദേശം നല്‍കിയത്. തൃശൂര്‍ സ്വദേശിയായ പി.ഡി. ജോസഫാണ് കോടതിയെ സമീപിച്ചത്. ആശുപത്രി സൂപ്രണ്ട് അടക്കമുള്ളവര്‍ക്കെതിരെയായിരുന്നു പരാതി.

സെപ്റ്റംബര്‍ 24നാണ് കുട്ടി വീണ് പരിക്കേറ്റത്. ആരോഗ്യവകുപ്പ് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ ചികിത്സയില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ആവശ്യമായ ശാസ്ത്രീയ ചികിത്സ ജില്ല ആശുപത്രിയില്‍ നിന്നും നല്‍കിയിരുന്നുവെന്നും ഡി.എം.ഒയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

ആശുപത്രി പരിശോധനയില്‍ വലതു കൈയിലെ രണ്ട് എല്ലുകള്‍ പൊട്ടിയെന്ന് മനസ്സിലാക്കി പ്ലാസ്റ്റര്‍ സ്ലാബിടുകയും കൈയിലെ രക്തയോട്ടം കുഴപ്പമില്ലെന്ന് പറഞ്ഞ് മരുന്ന് നല്‍കി ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു. എനനാല്‍ അടുത്ത ദിവസം ഒ.പിയില്‍ വന്നപ്പോള്‍ കുട്ടിക്ക് വേദന ഉണ്ടായിരുന്നെങ്കിലും കൈവിരലുകള്‍ അനക്കാന്‍ പറ്റുന്നുണ്ടായിരുന്നു. വേദനക്ക് മരുന്ന് നല്‍കിയശേഷം വിരലുകള്‍ അനക്കാനും നിറവ്യത്യാസം, കൂടുതല്‍ വേദന, നീര്, വേദന എന്നിവ കണ്ടാല്‍ ആശുപത്രിയില്‍ വരാനും നീരില്ലെങ്കില്‍ അഞ്ചു ദിവസം കഴിഞ്ഞ് പ്ലാസ്റ്റര്‍ കാസ്റ്റ് ചെയ്യാന്‍ ഒ.പിയില്‍ എത്താന്‍ നിര്‍ദേശിച്ചിരുന്നുവെന്നും പറയുന്നു.

എന്നാല്‍ സെപ്റ്റംബര്‍ 30ന് കുട്ടി ഒ.പിയില്‍ എത്തുമ്പോള്‍ രക്തയോട്ടം നിലച്ച നിലയിലായിരുന്നു. രക്തയോട്ടം ഇല്ലാത്തതിനാല്‍ പ്രാഥമിക ചികിത്സ നല്‍കി വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. സംഭവത്തില്‍ പാലക്കാട് ജില്ല ആശുപത്രിയിലെ ജൂനിയര്‍ റസിഡന്റ് ഡോക്ടര്‍ മുസ്തഫ, കണ്‍സല്‍ട്ടന്റ് ഡോ. സര്‍ഫറാസ് എന്നിവരെ ആരോഗ്യവകുപ്പ് നേരത്തേ സസ്പെന്‍ഡ് ചെയ്തിരുന്നു.

പൂര്‍ണമായി ചികിത്സ നല്‍കുന്നതിനുമുമ്പ് കുട്ടിയുടെ കൈ മുറിച്ചുമാറ്റിയ കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ക്കെതിരെയും അന്വേഷണം വേണമെന്ന് ആവശ്യമുയര്‍ന്നിരുന്നു.