കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മൂന്ന് പേർക്ക് കൂടി നിപാ വൈറസ് ബാധ സ്ഥിരീകരിച്ചു. ഒരു ഡോക്ടർക്കും ഒരു നഴ്‌സിനും ഒരു ആരോഗ്യപ്രവർത്തകനുമാണ് പുതുതായി രോഗം കണ്ടെത്തിയത്. ഇതോടെ സംസ്ഥാനത്ത് നിപാ സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി.
നോർത്ത് 24 പർഗാനാസ് ജില്ലയിലെ ബർസാത്തിലെ സ്വകാര്യ ആശുപത്രിയിലെ രണ്ട് നഴ്‌സുമാർക്കാണ് ആദ്യം നിപാ സ്ഥിരീകരിച്ചത്. ഇരുവരും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇതേ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഒരു ഡോക്ടർക്കാണ് പിന്നീട് രോഗം കണ്ടെത്തിയത്. കട്വ സബ്‌ഡിവിഷണൽ ആശുപത്രിയിലെ ജീവനക്കാരായ മറ്റ് രണ്ട് പേർക്ക്, നേരത്തെ രോഗം ബാധിച്ച നഴ്‌സുമായി സമ്പർക്കത്തിലൂടെയാണ് വൈറസ് പകർന്നതെന്നാണ് പ്രാഥമിക നിഗമനം. പുതുതായി രോഗം സ്ഥിരീകരിച്ച എല്ലാവരും ബെലെഘട്ടയിലെ പകർച്ചവ്യാധികൾക്കായുള്ള പ്രത്യേക ആശുപത്രിയിൽ ചികിത്സയിലാണ്.
രോഗബാധിതരുമായി സമ്പർക്കത്തിലുണ്ടായിരുന്ന നൂറിലേറെ പേരെ കണ്ടെത്തി ക്വാറന്റീനിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ക്വാറന്റീനിലുള്ളവരിൽ 30 പേർക്ക് നേരിയ ലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് സൂക്ഷ്മ നിരീക്ഷണം തുടരുകയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. എല്ലാ മാർഗനിർദേശങ്ങളും പാലിച്ച് പ്രവർത്തിക്കുകയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഹെൽത്ത് സെക്രട്ടറി നാരായൺ സ്വരൂപ് നിഗം പറഞ്ഞു.
നദിയ, പൂർവ ബർധമാൻ, നോർത്ത് 24 പർഗാനാസ് ജില്ലകളിൽ നിന്നുള്ളവരാണ് രോഗബാധിതരുമായി സമ്പർക്കത്തിലുണ്ടായതെന്ന് കണ്ടെത്തിയിരിക്കുന്നത്. രോഗബാധിതരുടെ യാത്രാവിവരങ്ങളും സമ്പർക്ക പട്ടികയും ശേഖരിച്ച് ബന്ധപ്പെട്ട എല്ലാവരെയും ക്വാറന്റീനിൽ പ്രവേശിപ്പിക്കുമെന്ന് മുതിർന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
ആദ്യമായി രോഗം സ്ഥിരീകരിച്ച നഴ്‌സിന് ഡിസംബർ 25 മുതൽ പനി ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ ഉണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഡിസംബർ 20 വരെ ബർസാത്തിലെ ആശുപത്രിയിൽ ജോലി ചെയ്തിരുന്നു. ജനുവരി രണ്ടിനാണ് കടുത്ത പനി അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രികളിൽ ചികിത്സ തേടിയത്. ഇവരുമായി സമ്പർക്കത്തിലുണ്ടായ ഡോക്ടർമാർ, നഴ്‌സുമാർ, മറ്റ് ആരോഗ്യപ്രവർത്തകർ എന്നിവരും ക്വാറന്റീനിലാണ്.
നിപാ ബാധയുടെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. രോഗം സ്ഥിരീകരിച്ച നഴ്‌സ് ഡിസംബർ 15 മുതൽ 17 വരെ നദിയ ജില്ലയിൽ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുത്തിരുന്നു. ഈ കാലയളവിൽ ശാന്തിനികേതൻ ഉൾപ്പെടെ നിരവധി സ്ഥലങ്ങൾ സന്ദർശിച്ചതായും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, എവിടെവച്ചാണ് വൈറസ് ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല.
പഴംതീനി വവ്വാലുകളിൽ നിന്നാണ് മനുഷ്യരിലേക്ക് നിപാ വൈറസ് പകരുന്നത്. പശ്ചിമ ബംഗാളിൽ 2001ലും 2007ലുമാണ് മുമ്പ് നിപാ കേസുകൾ റിപ്പോർട്ട് ചെയ്തത്. കേരളത്തിൽ 2018ലെ നിപാ വ്യാപനത്തിൽ 17 പേർ മരിച്ചിരുന്നു. 2024 വരെ സംസ്ഥാനത്ത് ആകെ 24 പേർ നിപാ ബാധിച്ച് മരിച്ചതായാണ് കണക്ക്.