india

നിപ ഭീതി: ഏഷ്യന്‍ രാജ്യങ്ങളില്‍ യാത്രാ നിയന്ത്രണം; പശ്ചിമ ബംഗാളില്‍ നൂറിലേറെ പേര്‍ നിരീക്ഷണത്തില്‍

By Lubna Sherin K P

January 27, 2026

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് അന്താരാഷ്ട്ര തലത്തില്‍ കടുത്ത യാത്രാ നിയന്ത്രണങ്ങളും ജാഗ്രതാ നിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചു. പശ്ചിമ ബംഗാളിലെ നാദിയ, നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലകളില്‍ അഞ്ച് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് അയല്‍രാജ്യങ്ങള്‍ വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കിയത്.

തായ്ലന്‍ഡ്, നേപ്പാള്‍, തായ്വാന്‍ എന്നീ രാജ്യങ്ങളാണ് തങ്ങളുടെ വിമാനത്താവളങ്ങളില്‍ കോവിഡ് കാലത്തിന് സമാനമായ സ്‌ക്രീനിംഗ് സംവിധാനങ്ങള്‍ പുനഃസ്ഥാപിച്ചത്. തായ്ലന്‍ഡിലെ സുവര്‍ണ്ണഭൂമി, ഫുക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ പശ്ചിമ ബംഗാളില്‍ നിന്നുള്ള യാത്രക്കാരെ പ്രത്യേകമായി നിരീക്ഷിക്കുന്നുണ്ട്. ഇവര്‍ക്ക് പനി പരിശോധനയ്ക്ക് പുറമെ കൃത്യമായ ആരോഗ്യ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ‘ഹെല്‍ത്ത് കാര്‍ഡുകളും’ വിതരണം ചെയ്യുന്നു. കാഠ്മണ്ഡു വിമാനത്താവളത്തിലും ഇന്ത്യയുമായുള്ള അതിര്‍ത്തികളിലും നേപ്പാള്‍ പരിശോധന ശക്തമാക്കി.

ബംഗാളിലെ ബാരാസാത്തിലുള്ള സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ഉള്‍പ്പെടെ രോഗം ബാധിച്ചത് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. നിലവില്‍ നൂറിലധികം പേര്‍ നിരീക്ഷണത്തിലാണ്. വൈറസിന്റെ ഉറവിടം കണ്ടെത്താനായി നാദിയ ജില്ലയിലെ വവ്വാലുകളെ കേന്ദ്രീകരിച്ച് പ്രത്യേക സംഘം പഠനം ആരംഭിച്ചു. ലോകാരോഗ്യ സംഘടനയുടെ ഏറ്റവും അപകടകാരികളായ വൈറസുകളുടെ പട്ടികയിലുള്ള നിപയ്ക്ക് 40 മുതല്‍ 75 ശതമാനം വരെ മരണനിരക്ക് ഉള്ളതിനാലാണ് അന്താരാഷ്ട്ര തലത്തില്‍ ഇത്രയും വലിയ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നത്.