News

ബംഗ്ലാദേശില്‍ നിപ വൈറസ് ബാധ; ഒരു മരണം – വ്യാപക പടര്‍ച്ചയ്ക്ക് സാധ്യത കുറവെന്ന് ലോകാരോഗ്യ സംഘടന

By Manya

February 07, 2026

ധാക്ക: ബംഗ്ലാദേശില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ച് ഒരാള്‍ മരിച്ചതായി ലോകാരോഗ്യ സംഘടന (WHO) സ്ഥിരീകരിച്ചു. ജനുവരി 28ന് മരിച്ച നവഗാവ് ജില്ലയിലെ 50 വയസുള്ള സ്ത്രീക്കാണ് നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. പശ്ചിമ ബംഗാളില്‍ അടുത്തിടെ നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് ബംഗ്ലാദേശിലും രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

പനിയും മറ്റ് ലക്ഷണങ്ങളുമായി ജനുവരി 21നാണ് സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അടുത്ത കാലത്തൊന്നും യാത്ര നടത്തിയിട്ടില്ലെങ്കിലും, ഈന്തപ്പനയില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന പാനീയം (ഡേറ്റ് പാം സാപ്) ഇവര്‍ ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. ചികിത്സയിലിരിക്കെയാണ് ജനുവരി 28ന് മരണം സംഭവിച്ചത്. തുടര്‍ന്ന് എടുത്ത സ്രവ പരിശോധനയിലാണ് നിപ വൈറസ് സ്ഥിരീകരിച്ചത്.

മരിച്ച സ്ത്രീയുമായി അടുത്ത ബന്ധത്തിലുണ്ടായിരുന്ന 35 പേരെ നിരീക്ഷണത്തിനും പരിശോധനയ്ക്കും വിധേയമാക്കിയെങ്കിലും, ആരിലും രോഗലക്ഷണങ്ങളോ വൈറസ് ബാധയോ കണ്ടെത്തിയിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ നിപ വൈറസ് പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന തരത്തില്‍ വ്യാപകമായി പടരാനുള്ള സാധ്യത കുറവാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. എങ്കിലും ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ തുടരുന്നുണ്ടെന്നും WHO അറിയിച്ചു.

2001ന് ശേഷം ബംഗ്ലാദേശില്‍ ഇതുവരെ 348 നിപ വൈറസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ പകുതിയോളം കേസുകളും ഈന്തപ്പനയില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന പാനീയം ഉപയോഗിച്ചതിലൂടെ ഉണ്ടായതാണെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. ഇക്കഴിഞ്ഞ ജനുവരിയില്‍ പശ്ചിമ ബംഗാളിലും രണ്ടുപേര്‍ക്ക് നിപ വൈറസ് സ്ഥിരീകരിച്ചിരുന്നു.