Film

ആരോപണം വ്യാജമെന്ന് നിവിൻ പോളി; നിരപരാധിത്വം​ തെളിയിക്കാൻ ഏതറ്റം വരെയും പോകും

By webdesk13

September 03, 2024

ബലാത്സംഗ കേസിൽ പ്രതിയായതിന് പിന്നാലെ ആരോപണങ്ങളിൽ പ്രതികരിച്ച് ചലച്ചിത്രതാരം നിവിൻ പോളി. തനിക്കെതിരെ വ്യാജ ബലാത്സംഗ പരാതിയാണ് ഉയർന്നിരിക്കുന്നതെന്ന് നിവിൻ പോളി പറഞ്ഞു. നിരപരാധിത്വം തെളിയിക്കാൻ ഏതറ്റം വരെയും പോകുമെന്നും നിവിൻ പോളി പറഞ്ഞു.

വ്യാജ ആരോപണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ വെളിച്ചത്ത് കൊണ്ടു വരാനുള്ള നടപടികൾ സ്വീകരിക്കും. കേസിൽ നിയമപരമായി നീങ്ങുമെന്നും നിവിൻ പോളി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. അഭിനയിക്കാൻ അവസരം വാ​ഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് നിവിൻ പോളിക്കെതിരായ യുവതിയുടെ പരാതി. ഇതിൽ എറണാകുളം ഊന്നുകൽ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.

വിദേശത്ത് വെച്ച് പീഡിപ്പിച്ചുവെന്നാണ് നേര്യമംഗലം ഊന്നുകൽ സ്വദേശിയായ യുവതിയുടെ പരാതി. നിവിൻ പോളിക്കൊപ്പം മറ്റു ചിലരും പീഡിപ്പിച്ചുവെന്ന് പരാതിയിലുണ്ട്. കഴിഞ്ഞ ദിവസമാണ് യുവതി പരാതി നൽകിയത്. നിവിൻ പോളിയടക്കം ആറ് പേരാണ് പ്രതികൾ. യുവതിയുടെ പരാതി സിനിമാ രംഗത്തെ ലൈംഗികാതിക്രമ വെളിപ്പെടുത്തലുകൾ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് കൈമാറുമെന്ന് പൊലീസ് അറിയിച്ചു.