കഷ്ടപ്പെട്ട് പഠിച്ചു, ഡിഗ്രി മുതൽ പി.എസ്.സി പരീക്ഷ വരെ ഒന്നാം റാങ്കോടെ ഉന്നത വിജയം നേടി. പക്ഷേ, കേരളത്തിലെ ഒരു റാങ്ക് ലിസ്റ്റിൽ ഒന്നാമതാകുക എന്നത് ജോലി ലഭിക്കാനുള്ള യോഗ്യതയല്ല, മറിച്ച് കാത്തിരിപ്പിന്റെയും നിരാശയുടെയും തുടക്കമാണെന്ന് തെളിയിക്കുകയാണ് മലപ്പുറം സ്വദേശിനി റഷീദയുടെ അനുഭവം. റഷീദയുടെ വിദ്യാഭ്യാസ യോഗ്യതകൾ ആരെയും അത്ഭുതപ്പെടുത്തുന്നതാണ്: ഡിഗ്രി, പിജി, ബിഎഡ്, എംഫിൽ: എല്ലാ പരീക്ഷകളിലും സർവകലാശാലാ തലത്തിൽ ഒന്നാം റാങ്ക്, പി.എസ്.സി ഉറുദു അസിസ്റ്റന്റ് പ്രഫസർ പരീക്ഷ: കഠിനമായ മത്സരത്തിനൊടുവിൽ ഇവിടെയും ഒന്നാം റാങ്ക്, എന്നാൽ, 2023-ൽ പ്രസിദ്ധീകരിച്ച ഈ റാങ്ക് ലിസ്റ്റിന്റെ കാലാവധി രണ്ട് ദിവസം മുൻപ് അവസാനിച്ചു. ഒരാൾക്ക് പോലും നിയമനം നൽകാതെയാണ് ലിസ്റ്റ് റദ്ദായത്. ഒരാളെപ്പോലും നിയമിക്കാത്ത ലിസ്റ്റുകൾ നീട്ടാമെന്ന സർക്കാരിന്റെ ‘അനൗദ്യോഗിക ഉറപ്പ്’ വെറും പാഴ്വാക്കായി മാറുമോ എന്ന ഭീതിയിലാണ് ഉദ്യോഗാർത്ഥികൾ.
റഷീദയുടെ ഉറുദു റാങ്ക് ലിസ്റ്റ് മാത്രമല്ല, മറ്റ് നാല് അസിസ്റ്റന്റ് പ്രഫസർ റാങ്ക് പട്ടികകളിലും സമാനമായ അവസ്ഥയാണ്. ഇവയുടെ കാലാവധിയും വരും മാസങ്ങളിൽ അവസാനിക്കും. മിക്ക പട്ടികകളിലും ഇരുപതോളം പേർ വീതം ജോലി കാത്തിരിക്കുന്നുണ്ടെങ്കിലും ഒന്നോ രണ്ടോ പേർക്ക് മാത്രമാണ് പേരിനെങ്കിലും നിയമനം ലഭിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതൽ പി.എസ്.സി നിയമനങ്ങൾ നടത്തിയത് ഈ സർക്കാരാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ ആവർത്തിക്കുമ്പോഴും, ഒന്നാം റാങ്കുകാർ പോലും പുറത്തുനിൽക്കുന്നത് ആരെ പരിഹസിക്കാനാണ്?” ഉദ്യോഗാർത്ഥികൾ ചോദിക്കുന്നു. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ നിയമന ഉത്തരവ് ഇറങ്ങിയില്ലെങ്കിൽ നൂറുകണക്കിന് ഉദ്യോഗാർത്ഥികളുടെ വർഷങ്ങളായുള്ള അധ്വാനമാണ് വെള്ളത്തിലാവുക.