kerala

‘പുരസ്‌കാരം സ്വീകരിച്ചിട്ടില്ല, മാധ്യമങ്ങളിലൂടെയാണ് വിവരം അറിഞ്ഞത്’; സവര്‍ക്കര്‍ പുരസ്‌കാരത്തില്‍ വ്യക്തത വരുത്തി ശശി തരൂര്‍

By webdesk17

December 10, 2025

ന്യൂഡല്‍ഹി: ആര്‍എസ്എസ് അനുകൂല സംഘടനയായ എച്ച്ആര്‍ഡിഎസിന്റെ പ്രഥമ സവര്‍ക്കര്‍ പുരസ്‌കാരവുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തി ശശി തരൂര്‍ എംപി. മാധ്യമങ്ങളിലൂടെയാണ് പുരസ്‌കാര വിവരം അറിഞ്ഞതെന്നും ഇത്തരമൊരു പുരസ്‌കാരത്തെ കുറിച്ച് അറിയില്ലെന്നും ശശി തരൂര്‍ വ്യക്തമാക്കി. അത് സ്വീകരിച്ചിട്ടില്ലെന്നും ഇന്നലെ തന്നെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നുവെന്നും ശശി തരൂര്‍ എക്സില്‍ കുറിച്ചു.

‘എന്റെ അനുവാദം ചോദിക്കാതെ എന്റെ പേര് പ്രഖ്യാപിച്ചത് സംഘാടകരുടെ ഭാഗത്തുനിന്നുള്ള നിരുത്തരവാദപരമായ നടപടിയാണെന്നും ഞാന്‍ പറഞ്ഞിരുന്നു. പുരസ്‌കാരത്തിന്റെ സ്വഭാവം, അത് നല്‍കുന്ന സംഘടന, അല്ലെങ്കില്‍ അതുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങള്‍ എന്നിവയെക്കുറിച്ചൊന്നും യാതൊരു വ്യക്തതയുമില്ലാത്ത സാഹചര്യത്തില്‍, ഇന്ന് നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിനെക്കുറിച്ചോ പുരസ്‌കാരം സ്വീകരിക്കുന്നതിനെക്കുറിച്ചോ ഉള്ള ചോദ്യമേ ഉദിക്കുന്നില്ല’, ശശി തരൂര്‍ പറഞ്ഞു.

പുരസ്‌കാരവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ പുരസ്‌കാരം സ്വീകരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. മറ്റൊരു പരിപാടിയുമായി ശശി തരൂര്‍ കൊല്‍ക്കത്തയിലേക്ക് പോകുമെന്നും എംപിയുടെ അടുത്ത വൃത്തങ്ങള്‍ നേരത്തെ അറിയിച്ചിരുന്നു.

ശശി തരൂര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ഇന്ന് ഡല്‍ഹിയില്‍ വെച്ച് നല്‍കുന്ന ‘വീര്‍ സവര്‍ക്കര്‍ പുരസ്‌കാരത്തിന്’ എന്നെ തിരഞ്ഞെടുത്തതായി മാധ്യമ വാര്‍ത്തകളില്‍ നിന്നാണ് ഞാന്‍ അറിഞ്ഞത്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിനായി കേരളത്തില്‍ എത്തിയപ്പോഴാണ് ഇന്നലെ ഞാന്‍ ഈ പ്രഖ്യാപനത്തെക്കുറിച്ച് അറിഞ്ഞത്. ഇങ്ങനെയൊരു പുരസ്‌കാരത്തെക്കുറിച്ച് എനിക്ക് അറിവില്ലെന്നും, ഞാനത് സ്വീകരിച്ചിട്ടില്ലെന്നും തിരുവനന്തപുരത്ത് വെച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ഞാന്‍ വ്യക്തമാക്കിയിരുന്നു. എന്റെ അനുവാദം ചോദിക്കാതെ എന്റെ പേര് പ്രഖ്യാപിച്ചത് സംഘാടകരുടെ ഭാഗത്തുനിന്നുള്ള നിരുത്തരവാദപരമായ നടപടിയാണെന്നും ഞാന്‍ അന്ന് പറഞ്ഞിരുന്നു. എന്നിരുന്നാലും, ഇന്നും ഡല്‍ഹിയില്‍ ചില മാധ്യമങ്ങള്‍ ഇതേ ചോദ്യം ആവര്‍ത്തിക്കുകയാണ്. അതിനാല്‍, ഇക്കാര്യത്തില്‍ അസന്നിഗ്ദ്ധമായി വ്യക്തത വരുത്തുന്നതിനാണ് ഞാന്‍ ഈ പ്രസ്താവന ഇറക്കുന്നത്. പുരസ്‌കാരത്തിന്റെ സ്വഭാവം, അത് നല്‍കുന്ന സംഘടന, അല്ലെങ്കില്‍ അതുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങള്‍ എന്നിവയെക്കുറിച്ചൊന്നും യാതൊരു വ്യക്തതയുമില്ലാത്ത സാഹചര്യത്തില്‍, ഇന്ന് നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിനെക്കുറിച്ചോ പുരസ്‌കാരം സ്വീകരിക്കുന്നതിനെക്കുറിച്ചോ ഉള്ള ചോദ്യമേ ഉദിക്കുന്നില്ല.