തിരുവനന്തപുരം: സംസ്ഥാനത്ത് ജാതിയും മതവും രേഖപ്പെടുത്താത്ത കുട്ടികളുടെ കണക്കില്‍ തെറ്റ് സംഭവിച്ചതായി റിപ്പോര്‍ട്ട്. ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയ സോഫ്റ്റ്‌വെയര്‍ അടിസ്ഥാനമാക്കിയാണ് ജാതിയും മതവും രേഖപ്പെടുത്താത്ത വിദ്യാര്‍ഥികളുടെ കണക്ക് മന്ത്രി അവതരിപ്പിച്ചത്. എന്നാല്‍ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ സോഫ്റ്റ്‌വെയറിലേക്ക് മാറ്റിയപ്പോള്‍ അദ്ധ്യാപകര്‍ക്ക് സംഭവിച്ച പിഴവാണ് കണക്കില്‍ വ്യത്യാസമുണ്ടാക്കിയത്.

വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥാണ് കഴിഞ്ഞ ദിവസം നിയമസഭയില്‍ ഇക്കാര്യം അവതരിപ്പിച്ചത്. ഒന്നേകാല്‍ ലക്ഷത്തോളം വരുന്ന വിദ്യാര്‍ഥികള്‍ എന്നത് തെറ്റായ കണക്കാണെന്നാണ് റിപ്പോര്‍ട്ട്. കണക്കില്‍ പെട്ട വിദ്യാര്‍ഥികളില്‍ പലരും ജാതിയും മതവും രേഖപ്പെടുത്തിയവര്‍ തന്നെയാണെന്നാണ് പുറത്തുവന്നിരിക്കുന്നത്.

മലപ്പുറം, കാസര്‍കോട്, കോഴിക്കോട് ജില്ലകളിലെ വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളുടെ കണക്കുകള്‍ തെറ്റാണെന്നാണ് പുറത്തുവന്നിരിക്കുന്നത്. കാസര്‍കോട് ജില്ലയിലെ ആറ് സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ വിവരങ്ങളാണ് തെറ്റാണെന്ന് തെളിഞ്ഞത്. ഇതോടെ രണ്ടായിരം പേരുടെയെങ്കിലും കുറവ് എണ്ണത്തില്‍ വരുമെന്നാണ് കണക്കാക്കുന്നത്.

സംസ്ഥാനത്ത് 1,24147 വിദ്യാര്‍ഥികള്‍ ജാതിയും മതവും രേഖപ്പെടുത്തിയിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരുന്നു. ഈ കണക്കിലാണ് ഇപ്പോള്‍ തെറ്റ് കണ്ടെത്തിയിരിക്കുന്നത്.