News

സ്വകാര്യ ബാങ്ക് തകര്‍ന്നിട്ടും പരാതി ഇല്ല; തന്ത്രി കണ്ഠര് രാജീവറുടെ രണ്ടര കോടി എവിടെ? പരാതി നല്‍കാത്തതില്‍ ദുരൂഹത, എസ്‌ഐടി അന്വേഷണം ശക്തം

By webdesk18

January 25, 2026

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് തന്ത്രി കണ്ഠര് രാജീവറിന്റെ സാമ്പത്തിക ഇടപാടുകളില്‍ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കര്‍ശന അന്വേഷണം ആരംഭിച്ചു. തിരുവല്ലയിലെ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചിരുന്ന 2.5 കോടി രൂപ ബാങ്ക് തകര്‍ന്നതോടെ നഷ്ടമായിട്ടും, തന്ത്രി ഇതുസംബന്ധിച്ച് യാതൊരു പരാതിയും നല്‍കാത്തതില്‍ ഗുരുതരമായ ദുരൂഹതയുണ്ടെന്നാണ് എസ്‌ഐടിയുടെ നിഗമനം.

തന്ത്രിയുടെ സാമ്പത്തിക സ്രോതസുകള്‍ പരിശോധിക്കുന്നതിനിടെയാണ് ഈ നിര്‍ണായക വിവരം എസ്‌ഐടിക്ക് ലഭിച്ചത്. ചോദ്യം ചെയ്യലിനിടെയിലും തന്ത്രി ഈ നിക്ഷേപത്തെക്കുറിച്ച് ഒന്നും വെളിപ്പെടുത്തിയിരുന്നില്ല. വെള്ളപ്പൊക്കത്തില്‍ കുറച്ച് പണം നഷ്ടമായതായി മാത്രമാണ് തന്ത്രി അന്വേഷണ സംഘത്തോട് പറഞ്ഞത്. എന്നാല്‍ സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചിരുന്ന രണ്ടര കോടി രൂപയെക്കുറിച്ച് പരാമര്‍ശിക്കാതിരുന്നതോടെയാണ് എസ്‌ഐടി വിശദമായ അന്വേഷണം ആരംഭിച്ചത്.

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠര് രാജീവറെ എസ്‌ഐടി നേരത്തെ കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ഇടപാടുകള്‍, മറ്റ് പ്രതികളുമായുള്ള ബന്ധങ്ങള്‍ എന്നിവയില്‍ വ്യക്തത നേടുന്നതിനായിരുന്നു കസ്റ്റഡി ചോദ്യം ചെയ്യല്‍. തന്ത്രിയുടെ ജാമ്യാപേക്ഷ ഈ മാസം 28ന് വിജിലന്‍സ് കോടതി പരിഗണിക്കും. ഇതിനിടെ തന്ത്രിയുടെ റിമാന്‍ഡ് കോടതി 14 ദിവസം കൂടി നീട്ടി.

അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന് ജാമ്യം ലഭിച്ചു. ദ്വാരപാലക കേസിലും കട്ടിളപ്പാളി കേസിലുമാണ് കൊല്ലം വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി 90 ദിവസം പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് സ്വാഭാവിക ജാമ്യം അനുവദിച്ചത്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം. സ്വര്‍ണക്കൊള്ള കേസില്‍ ജാമ്യം നേടി പുറത്തിറങ്ങുന്ന ആദ്യ പ്രതിയാണ് മുരാരി ബാബു. നേരത്തെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ദ്വാരപാലക കേസില്‍ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നെങ്കിലും, കട്ടിളപ്പാളി കേസില്‍ 90 ദിവസം പൂര്‍ത്തിയാകാത്തതിനാല്‍ അദ്ദേഹം ഇപ്പോഴും റിമാന്‍ഡിലാണ്.