കോഴിക്കോട്: ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റായി ഈ വര്‍ഷവും കരിപ്പൂര്‍ വിമാനത്താവളത്തെ പരിഗണിക്കാനാവില്ലെന്ന് കേന്ദ്രം. വലിയ വിമാനങ്ങള്‍ക്കു സര്‍വീസ് നടത്തുന്നതില്‍ നിലനില്‍ക്കുന്ന സാങ്കേതിക പ്രതിബന്ധങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കരിപ്പൂരിനെ ഇത്തവണയും എംബാര്‍ക്കേഷന്‍ പോയിന്റില്‍ നിന്ന് മാറ്റിനിര്‍ത്തുന്നത്. ഇന്ത്യ-സഊദി ഹജ്ജ് കരാര്‍ ഒപ്പുവെച്ച ശേഷം വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയാണ് ഇക്കാര്യമറിയിച്ചത്. കരിപ്പൂര്‍ വിഷയത്തില്‍ ഇന്ത്യന്‍ സിവില്‍ വ്യോമയാന മന്ത്രാലയമാണ് അന്തിമ തീരുമാനം കൈക്കൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന ഹാജിമാര്‍ അതതു സംസ്ഥാനത്തു അനുവദിച്ച വിമാനത്താവളത്തില്‍ നിന്നു തന്നെ പുറത്തുവിടണമെന്ന കാര്യത്തില്‍ ഇളവ് അനുവദിച്ചു. രാജ്യത്തെ ഏത് എംബാര്‍ക്കേഷനുകളും തെരഞ്ഞെടുക്കാനുള്ള അവസരമുണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം, ഇത്തവണ കപ്പല്‍ വഴിയും ഹജ്ജ് യാത്രക്ക് അനുമതി നല്‍കിയിട്ടുണ്ട്.