ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ സംബന്ധിച്ച പാര്‍ലമെന്റ് ധനകാര്യ സമിതിയുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ ഉത്തരംമുട്ടി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍.

നോട്ട് നിരോധനത്തിന് ശേഷം എത്ര പണം ബാങ്കുകളില്‍ തിരിച്ചെത്തിയെന്ന കാര്യത്തില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്ക് വ്യക്തതയില്ലെന്ന് സിമിതി അംഗം സുഗത റോയ് വ്യക്തമാക്കി. നോട്ട് പിന്‍വലിച്ചതിനുശേഷം ബാങ്കില്‍ തിരികെയെത്തിയ തുകയെക്കുറിച്ച് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലില്‍ നിന്നും ധനമന്ത്രാല ഉദ്യോഗസ്ഥരില്‍ നിന്നും വിശദീകരണം തേടിയ ശേഷം അറിയിച്ചതാണ് ഇക്കാര്യം. വിഷയത്തില്‍ കൃത്യമായി വിശദീകണം നല്‍കാന്‍ ഗവര്‍ണര്‍ക്കു കഴിഞ്ഞില്ലെന്നാണ് കമ്മിറ്റി അംഗവും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ സുഗത വ്യക്തമാക്കിയത്. തിരിച്ചെത്തിയ പണത്തിന്റെ കണക്ക് ഇതുവരെ തിട്ടപ്പെടുത്തിക്കഴിഞ്ഞിട്ടില്ലെന്നായിരുന്നു ഊര്‍ജിത് പട്ടേലിന്റെ മറുപടി. പ്രതിസന്ധി എന്നുതീരുമെന്ന ചോദ്യത്തിനും ഉത്തരം കിട്ടിയില്ലെന്ന് സമിതി അറിയിച്ചു.

അതേസമയം, നോട്ട് അസാധു നിലവില്‍ വന്ന നവംബര്‍ 8ന് ശേഷം 9.2 ലക്ഷം കോടി രൂപയുടെ പുതിയ നോട്ടുകള്‍ വിപണിയിലെത്തിച്ചുവെന്ന് ഊര്‍ജിത് പട്ടേല്‍ പിഎസിയോട് പറഞ്ഞതായാണ് അറിവ്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ടു ചെയ്തു. 15.44 ലക്ഷം കോടി രൂപയുടെ 500, 1000 രൂപ നോട്ടുകളാണ് 2016 നവംബര്‍ എട്ടിന് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചത്. വിപണിയിലുണ്ടായിരുന്നതിന്റെ 86 ശതമാനത്തോളം തുകയായിരുന്നു ഇത്.

നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് കൈക്കൊണ്ട നടപടികള്‍, ക്യാഷ്‌ലെസ് ഇടപാട് വ്യവസ്ഥയുടെ സാധ്യതകള്‍, നിയമസാധുത തുടങ്ങിയ കാര്യങ്ങളെ സംബന്ധിച്ചാണ് സമിതി ആരാഞ്ഞത്. നോട്ട് അസാധുവാക്കല്‍ മൂലം ഉണ്ടായ പ്രശ്‌നങ്ങളെ നേരിടാന്‍ എന്തുനടപടിയെടുത്തുവെന്ന് വ്യക്തമാക്കണമെന്നും സമിതി നിര്‍ദേശിച്ചു. നോട്ട് അസാധുവാക്കല്‍ നടപടികള്‍ക്ക് തുടക്കമിട്ടത് കഴിഞ്ഞ ജനുവരിയിലായിരുന്നുവെന്ന് ഊര്‍ജിത് പട്ടേല്‍ സമിതിയെ അറിയിച്ചു. അതേസമയം നോട്ട് നിരോധിക്കാനുള്ള ഉപദേശം നല്‍കിയത് നവംബര്‍ ഏഴിനാണെന്നായിരുന്നു മുമ്പ് പാര്‍ലമെന്റ് സമിതിക്ക് എഴുതി നല്‍കിയ വിശദീകരണത്തില്‍ ഊര്‍ജിത് പട്ടേല്‍ അറിയിച്ചിരുന്നത്. ഈ വൈരുദ്ധ്യത്തെക്കുറിച്ചും ഒന്നും പറഞ്ഞില്ലെന്നാണ് സൂചന.

കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനായി വീണ്ടും ഹാജരാകാന്‍ ണമെന്ന് ഊര്‍ജിത് പട്ടേലിന് പിഎസി നിര്‍ദേശം നല്‍കി. കോണ്‍ഗ്രസ് നേതാവ് വീരപ്പമൊയ്‌ലി അധ്യക്ഷനായ സമിതിയാണ് ധനകാര്യ സമിതി. കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിന് വ്യാഴാഴ്ച വീണ്ടും ഹാജരാകാന്‍ ഊര്‍ജിത് പട്ടേലിന് സമിതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.