പ്രധാനമന്ത്രി മോദിയും -മെസിയും തമ്മിലുള്ള കൂടികാഴ്ച ഉണ്ടാകില്ല. ത്രിരാഷ്ട്ര സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ജോര്‍ദാനിലേക്ക് പുറപ്പെട്ടതിനെത്തുടര്‍ന്നാണ് കൂടിക്കാഴ്ച്ച ഒഴിവാക്കിയത്. ഡല്‍ഹിയിലെത്തുന്ന മെസ്സി 50 മിനിറ്റ് നീണ്ടുനിന്ന ‘മീറ്റ് ആന്‍ഡ് ഗ്രീറ്റ്’ സെഷന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്.
അതേസമയം ഇന്ത്യയിലെ അര്‍ജന്റീന അംബാസഡര്‍ മരിയാനോ അഗസ്റ്റിന്‍ കൗസിനോ, ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി എന്നിവരുമായും കൂടിക്കാഴ്ച നടത്തും. പ്രഫുല്‍ പട്ടേല്‍ എംപിയുടെ വസതിയിലാണ് കൂടിക്കാഴ്ച. കൊല്‍ക്കത്ത, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലെ സന്ദര്‍ശനത്തിന് ശേഷമാണ് മെസി ഡല്‍ഹയില്‍ എത്തുന്നത്. വൈകിട്ട് 3.30ന് ഫിറോസ് ഷാ ഖോട്‌ലയില്‍ നടക്കുന്ന പരിപാടികളില്‍ പങ്കെടുത്തശേഷമാകും മെസിയുടെ മടക്കം.
ഇന്നലെ മുംബൈയിലെ പര്യടനം അക്ഷരാര്‍ധത്തില്‍ ആരാധകരെ ഇളക്കി മറിച്ചു. വാങ്കഡെ സ്റ്റേഡിയത്തില്‍ കുട്ടികള്‍ക്കൊപ്പം പന്ത് തട്ടിയും ഷൂട്ടൗട്ടില്‍ പങ്കെടുത്തും മെസ്സി ആവേശ തിരമാല തീര്‍ത്തു. മൂന്നുമണിയോടെ ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ മറ്റൊരു പരിപാടിയിലും മെസി പങ്കെടുത്തിരുന്നു. ഇന്നത്തെ ഡല്‍ഹി സന്ദര്‍ശനത്തോടെ ഇന്ത്യയിലെ പര്യടനം അവസാനിക്കും.