മുംബൈ: ഓരോ ഇന്ത്യക്കാരന്റെയും ചായക്കപ്പിലെ ഒഴിച്ചുകൂടാനാവാത്ത ഒന്നായിരുന്നു പാര്‍ലെ-ജി. ഈ ബിസ്‌കറ്റിന്റെ ജന്മസ്ഥലം ഇനി ചരിത്രത്തിന്റെ ഭാഗം. മുംബൈയിലെ വിലെ പാര്‍ലെയില്‍ പതിറ്റാണ്ടുകളായി ബിസ്‌കറ്റ് ഗന്ധം പരത്തിയിരുന്ന പാര്‍ലെ പ്രൊഡക്ട്സിന്റെ ആദ്യ ഫാക്ടറി കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നു. 5.44 ഏക്കറില്‍ പരന്നുകിടക്കുന്ന ഈ ഫാക്ടറി സമുച്ചയം മാറ്റി വലിയൊരു വാണിജ്യ കേന്ദ്രം പണിയാനാണ് കമ്പനി തീരുമാനിച്ചിട്ടുള്ളത്.
പഴമയുടെ സുഗന്ധം മായുന്നു
1929-ല്‍ സ്ഥാപിതമായ പാര്‍ലെ-ജി ഫാക്ടറി കേവലം ഒരു കെട്ടിടം എന്നതിലുപരി മുംബൈ നഗരത്തിന്റെ ഒരു അടയാളം കൂടിയായിരുന്നു. വിലെ പാര്‍ലെ സ്റ്റേഷന് സമീപത്തുകൂടി ട്രെയിനില്‍ പോകുന്ന യാത്രക്കാര്‍ക്ക് ബിസ്‌കറ്റ് ഗന്ധം അനുഭവപ്പെടുമ്പോള്‍ സ്റ്റേഷന്‍ എത്താറായെന്ന് മനസ്സിലാക്കാമായിരുന്നെന്ന് സാരം.
സ്വാതന്ത്യത്തിന് മുന്‍പ് ബ്രിട്ടീഷ് ബിസ്‌കറ്റുകളോട് മത്സരിക്കാനാണ് പാര്‍ലെ ബിസ്‌കറ്റ് നിര്‍മ്മാണം ആരംഭിച്ചത്. എന്നാല്‍ 2016-ല്‍ തന്നെ ഈ ഫാക്ടറിയിലെ ഉല്‍പ്പാദനം നിര്‍ത്തിവെച്ചിരുന്നു. എങ്കിലും ആ കെട്ടിടം അവിടുത്തെ പ്രധാന ലാന്‍ഡ്മാര്‍ക്കായി അവശേഷിച്ചു.
അതേസമയം ഫാക്ടറി നിലനിന്നിരുന്ന സ്ഥലത്തെ 31 കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി ആധുനിക ബിസിനസ് ഹബ്ബ് നിര്‍മ്മിക്കാനുള്ള അനുമതി പാര്‍ലെ ഗ്രൂപ്പിന് ലഭിച്ചുകഴിഞ്ഞു.
ഗൃഹാതുരത്വം ഉണര്‍ത്തി സോഷ്യല്‍ മീഡിയ
ഫാക്ടറി പൊളിക്കുന്ന വാര്‍ത്ത പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ ബാല്യകാല ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് പ്രേക്ഷകര്‍. സ്‌കൂള്‍ വിട്ടു വരുമ്പോഴുള്ള ബിസ്‌കറ്റ് മണവും ഫാക്ടറി സന്ദര്‍ശനങ്ങളും വൈകാരികതയോടെയാണ് ഓര്‍ക്കുന്നത്. പാര്‍ലെ-ജി എന്ന ബ്രാന്‍ഡിന്റെ പേര് തന്നെ വിലെ പാര്‍ലെ എന്ന സ്ഥലപ്പേരില്‍ നിന്നാണ് ഉടലെടുത്തത് എന്നാണ് പറയപ്പെടുന്നത്.
മുംബൈയിലെ ഉല്‍പ്പാദനം നിര്‍ത്തിയാലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള മറ്റ് ഫാക്ടറികളില്‍ പാര്‍ലെ-ജിയുടെ നിര്‍മ്മാണം തുടരും.