ന്യൂഡല്‍ഹി: വാട്‌സാപ്, ഇന്‍സ്റ്റഗ്രാം ആപ്പുകളില്‍ എഐ ഉപയോഗിച്ച് സാങ്കല്‍പിക കഥാപാത്രങ്ങളെ സൃഷ്ടിച്ച് ചാറ്റ് ചെയ്യാനുള്ള സൗകര്യം ഇനി പ്രായപൂര്‍ത്തിയായവര്‍ക്കു മാത്രമാകും. കുട്ടികള്‍ക്ക് ഈ ഫീച്ചര്‍ ഉപയോഗിക്കാന്‍ അനുമതിയില്ലെന്ന് മെറ്റ കമ്പനി അറിയിച്ചു.
ഉപയോക്താക്കള്‍ക്ക് സ്വന്തം പേരില്‍ തന്നെ ഫോളോവര്‍മാരുമായി ആശയവിനിമയം നടത്താന്‍ കഴിയുന്ന എഐ കാരക്ടറുകള്‍ നിര്‍മ്മിക്കാന്‍ സഹായിക്കുന്ന ‘എഐ സ്റ്റുഡിയോ’ ഫീച്ചറാണ് കുട്ടികള്‍ക്കായി പിന്‍വലിച്ചത്. എഐ കാരക്ടറുകള്‍ താല്‍ക്കാലികമായി കുട്ടികള്‍ക്ക് ലഭ്യമാകില്ലെന്നും, കൂടുതല്‍ മാറ്റങ്ങള്‍ വരുത്തിയ ശേഷം വരും ദിവസങ്ങളില്‍ ഈ സൗകര്യം വീണ്ടും അവതരിപ്പിക്കുമെന്നും മെറ്റ വ്യക്തമാക്കി.
അതേസമയം, മെറ്റയുടെ എഐ അസിസ്റ്റന്റ് സേവനം നിലവിലെ പോലെ തുടരുമെന്നും കമ്പനി അറിയിച്ചു.
എഐ ബോട്ടുകളുമായുള്ള സംഭാഷണങ്ങള്‍ കുട്ടികളില്‍ ഉണ്ടാക്കുന്ന മാനസികവും സാമൂഹികവുമായ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ ശക്തമായ സാഹചര്യത്തിലാണ് തീരുമാനം. ഇതിനു മുന്‍പും എഐ ഉള്‍പ്പെടെയുള്ള നിരവധി പ്രമുഖ കമ്പനികള്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ എഐ കഥാപാത്രങ്ങള്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.