india

ഒരു മുസ്‌ലിമിനെയും ജിമ്മില്‍ പ്രവേശിപ്പിക്കരുത്: വിദ്വേഷ പരാമര്‍ശവുമായി ഭോപ്പാല്‍ സബ് ഇന്‍സ്പെക്ടര്‍

By Lubna Sherin K P

June 02, 2025

ഭോപ്പാലില്‍ മുസ്ലിംകളെ ജിമ്മില്‍ പ്രവേശിപ്പിക്കരുതെന്ന വിദ്വേഷ പരാമര്‍ശവുമായി ഭോപ്പാല്‍ സബ് ഇന്‍സ്പെക്ടര്‍ ദിനേശ് ശര്‍മ്മ. സബ് ഇന്‍സ്പെക്ടര്‍ ഒരു ജിം ഉടമയുമായുള്ള ആശയവിനിമയത്തിനിടെ വിവാദപരമായ പരാമര്‍ശം നടത്തുന്നതായി കാണിക്കുന്ന വീഡിയോ സമൂഹ മാധ്യമത്തില്‍ വൈറലാണ്. മുസ്‌ലിം പരിശീലകരുടെയും ട്രെയിനികളുടെയും പ്രവേശനം നിരോധിക്കാന്‍ ശര്‍മ്മ ഉടമയോട് നിര്‍ദേശിക്കുന്നത് ദൃശ്യങ്ങളില്‍ കേള്‍ക്കുന്നു.

വീഡിയോയില്‍ സബ് ഇന്‍സ്പെക്ടര്‍ ദിനേശ് ശര്‍മ്മ പറയുന്നത് കേള്‍ക്കാം: ‘ഒരു മുസ്‌ലിമും ഇവിടെ പരിശീലനം നല്‍കാനോ എടുക്കാനോ വരില്ല, ഞാന്‍ നിങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്.’

ഭോപ്പാലിലെ അയോധ്യ നഗര്‍ പ്രദേശത്തെ ജിമ്മില്‍ മുസ്‌ലിം പരിശീലകരുടെ സാന്നിധ്യം ചോദ്യം ചെയ്ത് ബജ്‌റംഗ്ദള്‍ അംഗങ്ങള്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ജിമ്മില്‍ എത്തിയപ്പോഴായിരുന്നു പ്രസ്താവന. സംഘര്‍ഷം ശമിപ്പിക്കാന്‍ പോലീസിനെ വിളിച്ചു, പ്രതികരിച്ച ഉദ്യോഗസ്ഥരില്‍ സബ് ഇന്‍സ്‌പെക്ടര്‍ ദിനേശ് ശര്‍മ്മയും ഉണ്ടായിരുന്നു.

പിന്നീട് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോയില്‍, മുസ്‌ലിം പരിശീലകരെയോ ക്ലയന്റുകളെയോ പരിസരത്തേക്ക് പ്രവേശിപ്പിക്കരുതെന്ന് ശര്‍മ്മ ജിം ഉടമയോട് നിര്‍ദ്ദേശിക്കുന്നത് കാണാം. ‘ഒരു മുസ്‌ലിമും ഇവിടെ ട്രെയിനിംഗ് കൊടുക്കാനോ എടുക്കാനോ വരില്ല. ഞാന്‍ നിങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്’ എന്ന് അദ്ദേഹം പറയുന്നത് കേള്‍ക്കാം.

വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സംഭവം ശ്രദ്ധിക്കുകയും ഉദ്യോഗസ്ഥനെതിരെ ആഭ്യന്തര അന്വേഷണം ആരംഭിക്കുകയും ചെയ്തു.

അതേസമയം സബ് ഇന്‍സ്‌പെക്ടറുടെ പരാമര്‍ശത്തെ പിന്തുണച്ച് ഭോപ്പാല്‍ എംപിയും ബിജെപി നേതാവുമായ അലോക് ശര്‍മ രംഗത്തെത്തി. മുസ്‌ലിം ജിം പരിശീലകരെക്കുറിച്ചുള്ള ആശങ്കകള്‍ അദ്ദേഹം ആവര്‍ത്തിക്കുകയും ഭോപ്പാലിലെ പരിശീലകരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.